'22ലേറെ കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ക്യാമറകളും പിടിച്ചുകൊണ്ടുപോയി'-'മറുനാടൻ മലയാളി'യിൽ ഇന്നലെ സംഭവിച്ചത്
ഷാജൻ സ്‌കറിയയ്ക്കു വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായായിരുന്നു പൊലീസ് ഇന്നലെ മറുനാടന്റെ കൊച്ചി, തിരുവനന്തപുരം ഓഫിസുകളിലെത്തിയത്
കോഴിക്കോട്: 'മറുനാടൻ മലയാളി'യുടെ കൊച്ചി, തിരുവനന്തപുരം ഓഫിസുകളിൽ ഇന്നലെ പുലർച്ചെ ആരംഭിച്ച റെയ്ഡ് അർധരാത്രി വരെ നീണ്ടു. 22ലേറെ കംപ്യൂട്ടറുകളും കാമറകളും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചുകൊണ്ടുപോയതായി 'മറുനാടൻ' അവതാരകൻ പറഞ്ഞു. ജീവനക്കാരുടെ വീടുകളിലും പരിശോധന നടന്നതായും അദ്ദേഹം പറഞ്ഞു.
'മറുനാടൻ' യൂട്യൂബ് ചാനലിലാണ് റെയ്ഡിനെക്കുറിച്ചുള്ള വിവരങ്ങൾ അവതാരകൻ വെളിപ്പെടുത്തിയത്. 'മറുനാടൻ മലയാളിയുടെ മുഴുവൻ ഉദ്യോഗസ്ഥരുടെയും വീടുകളിൽ ഇന്നലെ പുലർച്ചെ മുതൽ രാത്രി വരെ റെയ്ഡ് നടന്നു. വീടുകളിലുണ്ടായിരുന്ന ലാപ്‌ടോപ്പുകളും കാമറകളും പൊലീസ് പിടിച്ചെടുത്തു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം വീടുകളിലും പൊലീസ് വേട്ട നടത്തുകയായിരുന്നു.'-അവതാരകൻ പറഞ്ഞു.
കാസർകോട്, വയനാട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം വരെ റെയ്ഡ് നടന്നു. കൊല്ലത്തെ റിപ്പോർട്ടറെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. സ്ത്രീകളടക്കമുള്ള മാധ്യമപ്രവർത്തകരെയും അവരുടെ അമ്മമാരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
''കൊച്ചിയിലെ ഓഫിസിലെ കംപ്യൂട്ടറുകളും ക്യാമറകളുമെല്ലാം രാവിലെത്തന്നെ പിടിച്ചുകൊണ്ടുപോയിരുന്നു. 12 മണിയോടെയാണ് തിരുവനന്തപുരത്തെ ഓഫിസിൽ റെയ്ഡ് ആരംഭിച്ചത്. എ.സി.പി ചുമതലപ്പെടുത്തിയ പൊലീസ് സംഘമായിരുന്നു റെയ്ഡിനെത്തിയത്. ഇവിടെ പരിശോധന നടത്തി 22ലേറെ കംപ്യൂട്ടറുകളും നാല് ലാപ്‌ടോപുകളും നാല് ക്യാമറകളും സി.സി.ടി.വി ഡി.വി.ആറും ഉൾപ്പെടെ പിടിച്ചുകൊണ്ടുപോയി. രാത്രി 12 മണിക്കാണ് തിരുവനന്തപുരം ഓഫിസിലെ റെയ്ഡ് പൂർത്തിയാക്കി സംഘം മടങ്ങിയത്.''
നിലവിൽ വാർത്തകൾ പുറത്തുവിടാൻ പറ്റാത്ത സ്ഥിതിയാണുള്ളതെന്ന് അവതാരകൻ പറയുന്നു. എല്ലാ ഉപകരണങ്ങളും പിടിച്ചുകൊണ്ടുപോയിരിക്കുകയാണ്. പകരം സംവിധാനങ്ങളൊരുക്കി ഉടൻതന്നെ പ്രവർത്തനം പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാജൻ സ്‌കറിയയ്ക്കു വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായായിരുന്നു പൊലീസ് ഇന്നലെ മറുനാടന്റെ കൊച്ചി, തിരുവനന്തപുരം ഓഫിസുകളിലെത്തിയത്. വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പി.വി ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിലാണ് എളമക്കര പൊലീസ് ഷാജനെതിരെ കേസെടുത്തത്. പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിനു പിന്നാലെ ഒളിവിൽപോയ ഷാജൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. തിരുവനന്തപുരത്തെ ഓഫീസിൽ ഒരാഴ്ചമുൻപും പരിശോധന നടത്തി ഹാർഡ് ഡിസ്‌ക്കുകളടക്കം പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ഷാജൻ വിദേശത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്.