പരീക്ഷയിലെ കൂട്ടത്തോൽവി; എംജി സർവകലാശാല ഉപരോധിച്ച് പ്രൈവറ്റ് വിദ്യാർത്ഥികൾ
വിഷയം ചർച്ച ചെയ്യാൻ സർവകലാശാലയിൽ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരുകയാണ്.
കോട്ടയം: പ്രൈവറ്റ് പിജിയിലെ കൂട്ടത്തോൽവിയിൽ എംജി സർവകലാശാലക്കെതിരായ പ്രതിഷേധം വിദ്യാർത്ഥികൾ ശക്തമാക്കുന്നു. മൂല്യനിർണായത്തിലെ അപാകത കൂട്ടതോൽവിക്ക് കാരണമായെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ സർവകലാശാല ഉപരോധിച്ചു. വിഷയം ചർച്ച ചെയ്യാൻ സർവകലാശാലയിൽ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരുകയാണ്.
പുനർമൂല്യ നിർണയത്തിന്റെ ചെലവ് സർവകലാശാല തന്നെ വഹിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. പരീക്ഷയെഴുതിയ 91 ശതമാനം വിദ്യാർത്ഥികളും പരാജയപ്പെട്ടിരുന്നു. എന്നാൽ, അതിൽ അസാധാരണമായി ഒന്നുമില്ലെന്നാണ് സർവകലാശാല അധികൃതരുടെ വാദം. കൃത്യതയില്ലാത്ത പരീക്ഷകളും, മൂല്യ നിർണയവും മൂലം 970 വിദ്യാർത്ഥികൾ കോഴ്‌സ് തന്നെ ഉപേക്ഷിച്ച അവസ്ഥയാണ് നിലവിലുള്ളത്. 2019ൽ അഡ്മിഷൻ എടുത്ത പിജി പ്രൈവറ്റ് വിദ്യാർത്ഥികളുടെ ഒന്നും രണ്ടും സെമസ്റ്ററുകളുടെ ഫലം കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചപ്പോഴാണ് കൂട്ടത്തോൽവിയുടെ കണക്ക് പുറത്ത് വന്നത്. 3017 പേർ എഴുതിയ പരീക്ഷയുടെ ഫലം വന്നപ്പോൾ ജയിച്ചത് 269 പേർ മാത്രം.
എംഎസ്‌സി മാത്‌സ് പരീക്ഷയിൽ രണ്ട് സെമസ്റ്ററിലും ഒരാൾ പോലും ജയിച്ചില്ല. എംകോമിൽ 2390 പേർ പരീക്ഷ എഴുതിയപ്പോൾ ജയിച്ചത് വെറും 141 വിദ്യാർത്ഥികൾ. തുടർന്ന് മൂല്യ നിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ വൈസ് ചാൻസലറുടെ ഓഫീസിന് മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപരോധം നടത്തുന്നത്.