കൂട്ടുപ്രതികൾക്കൊപ്പം പല തവണ ജ്വല്ലറിയിലെത്തി; സ്വര്‍ണം തട്ടിയ കേസിൽ മാത്യു സ്റ്റീഫന്‍റെ വാദങ്ങൾ പൊളിയുന്നു

തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന മാത്യു സ്റ്റീഫൻ്റെ വാദം പച്ചക്കള്ളമെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ

Update: 2025-04-12 04:16 GMT
Editor : Jaisy Thomas | By : Web Desk

ഇടുക്കി: ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയുടെ സ്വർണം തട്ടിയെന്ന കേസിൽ മുൻ എംഎൽഎ മാത്യു സ്റ്റീഫന്‍റെ വാദങ്ങൾ പൊളിയുന്നു. മാത്യുവും കൂട്ടുപ്രതികളും ജ്വല്ലറിയിലെത്തിയ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. ജ്വല്ലറി ഉടമയുടെ പരാതിയിൽ തൊടുപുഴ പൊലീസ് കേസെടുത്തെങ്കിലും തട്ടിപ്പിന് കൂട്ട് നിന്നിട്ടില്ലെന്നായിരുന്നു മാത്യു സ്റ്റീഫൻ്റെ വിശദീകരണം.

തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന മാത്യു സ്റ്റീഫൻ്റെ വാദം പച്ചക്കള്ളമെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. കൂട്ടുപ്രതികളും ജനാധിപത്യ സംരക്ഷണ സമിതി പ്രവർത്തകരുമായ ജിജി, സുബൈർ, എന്നിവർക്കൊപ്പം മാത്യു സ്റ്റീഫൻ പലവട്ടം ജ്വല്ലറിയിലെത്തി.

Advertising
Advertising

ജനുവരി 17 ന് ജ്വല്ലറിയിലെത്തിയ മാത്യുവും  ജിജിയുമടക്കമുള്ളവർ 169000 രൂപയുടെ സ്വർണം കടമായി വാങ്ങി. തതുല്യമായ തുകയുടെ ചെക്കും നൽകി. 27 ന് വീണ്ടുമെത്തി. കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ജ്വല്ലറി ഉടമയിൽ നിന്ന് പത്ത് പവൻ സ്വർണവും വാങ്ങി. 28 ന് നൽകിയ ചെക്കും തിരികെ വാങ്ങി. വഞ്ചിക്കപ്പെട്ടെന്ന് മനസിലായതോടെയാണ് ജ്വല്ലറി ഉടമ പൊലീസിൽ പരാതി നൽകിയത്. നിർധന കുടുംബത്തെ സഹായിക്കാൻ ഒരു തവണ ജ്വല്ലറിയിൽ എത്തിയെന്നും സ്വർണം വാങ്ങിയ പണം തിരികെ നൽകിയെന്നുമുള്ള മാത്യു സ്റ്റീഫൻ്റെ വാദങ്ങളിലും പൊരുത്തക്കേടുകളുണ്ട്.

സുബൈറും ജിജിയും മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെന്ന പരാതിയിൽ കോട്ടയം പള്ളിക്കത്തോട് പൊലീസ് എടുത്ത കേസിലെ പ്രതികളുമാണ്. സുബൈറിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലും പത്ത് ലക്ഷം രൂപയുടെ സ്വർണം എവിടെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായില്ല. ഇതിൽ വ്യക്തത വരുത്താൻ മാത്യു സ്റ്റീഫനെയും റിമാൻഡിലുള്ള കൂട്ട് പ്രതികളെയും വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News