ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; താമരശ്ശേരിയിൽ മൂന്നുപേർ അറസ്റ്റിൽ
പ്രതികളിൽ ഒരാൾ കഴിഞ്ഞ മാർച്ചിൽ എം.ഡി.എം.എയുമായി അറസ്റ്റിലായിരുന്നു. രണ്ടുമാസത്തെ ജയിൽവാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ ശേഷവും മയക്കുമരുന്ന് വിൽപ്പന തുടരുകയായിരുന്നു
കോഴിക്കോട്: താമരശ്ശേരിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയ മൂന്നുപേർ അറസ്റ്റിൽ. ഇവരിൽനിന്ന് 5.13 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി വിതരണ സംഘം പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പുതുപ്പാടി സ്വദേശികളായ കൈതപ്പൊയിൽ ചന്ദനപ്പുറം മുഹമ്മദ് ഷക്കീർ, പെരുമ്പള്ളി കൊട്ടാരക്കോത്ത് വീട്ടിൽ ആദിൽ റഹ്മാൻ, മലോറം കാവുംപുറത്ത് വീട്ടിൽ കെ.പി ആഷിക് എന്നിവരാണ് അറസ്റ്റിലായത്. താമരശ്ശേരിയിലെ ലോഡ്ജിൽ മുറിയെടുത്താണ് ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. എം.ഡി.എം.എയ്‌ക്കൊപ്പം മയക്കുമരുന്ന് വിൽപ്പനയ്ക്കും ഉപയോഗത്തിനുമുള്ള ഉപകരണങ്ങൾ, മൊബൈൽ ഫോൺ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു.
അറസ്റ്റിലായ മുഹമ്മദ് ഷക്കീർ കഴിഞ്ഞ മാർച്ചിൽ എം.ഡി.എം.എയുമായി അറസ്റ്റിലായിരുന്നു. രണ്ടുമാസത്തെ ജയിൽവാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയാണ് മയക്കുമരുന്ന് വിൽപ്പന തുടർന്നത്. താമരശ്ശേരി ഡിവൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡും താമരശ്ശേരി പൊലീസും ചേർന്നാണ് ലഹരി വിൽപ്പന സംഘത്തെ പിടികൂടിയത്.
Summary: Three youths were arrested for selling drugs at a lodge in Thamarassery, Kozhikode, and 5.13 grams of MDMA was seized from them