മലപ്പുറത്തെ അഞ്ചാംപനി വ്യാപനം; പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്
ജില്ലയിലെ എഴുപതോളം തദ്ദേശ സ്ഥാപനങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്തത് ആശങ്ക വർധിപ്പിച്ചു
Update: 2022-12-07 04:10 GMT
മലപ്പുറം: മലപ്പുറം ജില്ലയിലെ അഞ്ചാംപനി വ്യാപനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. പ്രതിരോധ കുത്തിവെപ്പ് വേഗത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് മതസംഘടനാ പ്രതിനിധികളെ അടക്കം ഉൾപ്പെടുത്തി ഇന്ന് കലക്ടറേറ്റിൽ യോഗം ചേരും. ജില്ലയിലെ എഴുപതോളം തദ്ദേശ സ്ഥാപനങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്തത് ആശങ്ക വർധിപ്പിച്ച സാഹചര്യത്തിലാണ് നടപടി.
ജില്ലയിൽ അഞ്ചാംപനി സ്ഥിരീകരിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ നാന്നൂറോളം കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിൽ അഞ്ചോളം പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. ഇതിനോടകം എഴുപതോളം തദ്ദേശ സ്ഥാപനങ്ങളിൽ രോഗം പകർന്നുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്.