മെക് 7: ഇസ്‍ലാമോഫോബിയ ഉൽപാദിപ്പിക്കുന്നതിൽ സംഘ്പരിവാറിനെക്കാൾ ആവേശം സിപിഎമ്മിനും മാധ്യമങ്ങൾക്കും-സോളിഡാരിറ്റി
'മുസ്‌ലിംകളെ സംഘ്പരിവാർ ഭരണകൂടത്തിന്റെ അന്വേഷണ ഏജൻസികൾക്ക് ഒറ്റുകൊടുക്കുന്ന പണിയാണ് നടക്കുന്നത്. മുസ്‌ലിംകളെ കുറിച്ച് ആവോളം ഭീതി നിലനിൽക്കുന്ന സമൂഹത്തിൽ അതു ശക്തമാക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടുകയാണ് ഇതു ചെയ്യുന്നത്'
കോഴിക്കോട്: മുസ്‌ലിം സമുദായത്തെ ഭീകരവത്ക്കരിക്കുകയും അവരുടെ ഇടപെടലുകളെ പൈശാചികവത്ക്കരിക്കുകയും ചെയ്യുന്നവർക്കും അനാവശ്യമായ പ്രചാരണങ്ങൾ നടത്തുന്നവർക്കുമെതിരെ ശക്തമായ പ്രതികരണങ്ങളുണ്ടാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷൻ സി.ടി സുഹൈബ്. മെക് 7 പ്രത്യേകിച്ചൊരു സമുദായവുമായും സംഘടനയുമായും ഔദ്യോഗിക ബന്ധമില്ലാത്തവർ പങ്കെടുക്കുന്ന കൂട്ടായ്മയാണ്. ഇതിനെക്കുറിച്ച് സംശയവും തെറ്റിദ്ധാരണയും ഉണ്ടാക്കുന്നതിൽ സിപിഎം നേതാക്കൾക്കും മാധ്യമങ്ങൾക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഇസ്‍ലാമോഫോബിയ ഉൽപാദിപ്പിക്കുന്നതിൽ സംഘ്പരിവാറിനെക്കാൾ ആവേശവും താൽപര്യവും ഇക്കൂട്ടർക്കാണ്. ചില മുസ്‌ലിം മതസംഘടനയുടെ ആളുകൾക്ക് കൂടി ഇതിൽ പങ്കുണ്ടെന്നതും നിഷേധിക്കാനാവില്ല. മുസ്‌ലിംകളെ സംഘ്പരിവാർ ഭരണകൂടത്തിന്റെ അന്വേഷണ ഏജൻസികൾക്ക് ഒറ്റുകൊടുക്കുന്ന പണിയാണിത്. മുസ്‌ലിംകളെ കുറിച്ച് ആവോളം ഭീതി നിലനിൽക്കുന്ന സമൂഹത്തിൽ അതു ശക്തമാക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടുകയാണ് ഇത്തരം പ്രചാരണങ്ങളിലൂടെ ഇവർ ചെയ്യുന്നതെന്നും സുഹൈബ് വിമർശിച്ചു.
സി.ടി സുഹൈബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മുസ്‌ലിം സമുദായത്തിലുള്ളവർ സംഘടിച്ചാൽ, അവർ സാമൂഹിക പ്രവർത്തനം നടത്തിയാൽ, അവർ സമരം ചെയ്താൽ, അവർ വിദ്യാഭ്യാസം നേടിയാൽ സമ്പാദിച്ചാൽ അവർക്ക് കൂടുതൽ മക്കളുണ്ടായാൽ, സംശയത്തോടെയും ഭീതിയോടെയും മാത്രം കാണുന്നൊരു അധികാരഘടനയും സാമൂഹികക്രമവും പൊതുബോധവും നിലനിൽക്കുന്നിടത്ത് മെക് 7 കൂട്ടായ്മകൾ ഹിന്ദുത്വ ഭരണകൂട ഏജൻസികളുടെ നിരീക്ഷണത്തിലാവുകയെന്നത് സ്വാഭാവികമാണ്. എന്നാൽ, പ്രത്യേകിച്ചൊരു സമുദായവുമായോ സംഘടനയുമായോ ഔദ്യോഗിക ബന്ധമില്ലാത്ത വിവിധ മതസമൂഹങ്ങളിലും സംഘടനകളിലുമുള്ളവരും സംഘടനയിലില്ലാത്തവരുമൊക്കെ പങ്കെടുക്കുന്ന ഈ കൂട്ടായ്മയെ കുറിച്ച് സംശയവും തെറ്റിദ്ധാരണയും ഉണ്ടാക്കുന്നതിൽ സിപിഎം നേതാക്കൾക്കും ചില മീഡിയകൾക്കും വലിയ റോളുണ്ട്. ഇസ്‍ലാമോഫോബിയ ഉൽപാദിപ്പിക്കുന്നതിൽ സംഘ്പരിവാറിനെക്കാൾ ആവേശവും താൽപര്യവും ഇക്കൂട്ടർക്കാണ്. അതോടൊപ്പം ചില മുസ്‌ലിം മതസംഘടനയുടെ ആളുകൾക്ക് കൂടി ഇതിൽ പങ്കുണ്ടെന്നതും നിഷേധിക്കാനാവില്ല.
മുസ്‌ലിംകളെ സംഘ്പരിവാർ ഭരണകൂടത്തിന്റെ അന്വേഷണ ഏജൻസികൾക്ക് ഒറ്റുകൊടുക്കുന്ന പണിയായി ഇത് മാറുമോ എന്നൊക്കെ ചിന്തിച്ച് ഇവർക്ക് അതിലൊരു മനഃപ്രയാസവുമുണ്ടാകാനും സാധ്യതയില്ല. അത് അവരിൽ ചിലർ പേറുന്ന മനോഘടനയുടെ കൂടി പ്രശ്‌നമാണ്. മുസ്ലിംകളെ കുറിച്ച ഭീതി ആവോളവുള്ള സമൂഹത്തിൽ ആ ഭീതി വളർത്താനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടുകയാണ് തങ്ങളുടെ പ്രചാരണങ്ങളെന്നു ചിന്തിക്കാനുള്ള വകതിരിവുണ്ടാകാൻ തൽക്കാലം പ്രാർഥിക്കാം.
മുസ്‌ലിം സമുദായത്തെ ഭീകരവത്ക്കരിക്കുകയും അവരുടെ ഇടപെടലുകളെ പൈശാചികവത്ക്കരിക്കുകയും ചെയ്യുന്നവർക്കെതിരെയും അതിന് സഹായകരമാകുന്ന രീതിയിൽ അനാവശ്യമായ പ്രചാരണങ്ങൾ നടത്തുന്നവരെയും തിരിച്ചറിഞ്ഞ് ശക്തമായ പ്രതികരണങ്ങളും ഇടപെടലുകളുമുണ്ടാവേണ്ടതുണ്ട്.
Summary: 'CPM and media are more enthusiastic than Sangh Parivar in generating Islamophobia': Solidarity Youth Movement State President CT Suhaib on MEC 7 row