മെഡിക്കൽ കോളജ് ആക്രമണം: സി.സി.ടി.വി ദൃശ്യങ്ങൾ ഹാർഡ് ഡിസ്കിൽ നിന്ന് നഷ്ടപ്പെട്ടതായി ആശുപത്രി സൂപ്രണ്ട്

ഹാർഡ് ഡിസ്ക് കണ്ടെടുക്കാത്തതിന് കാരണം മെഡിക്കൽ കോളജ് അധികൃതരും പൊലീസും തമ്മിലുള്ള ഒത്തുകളിയാണെന്ന് കെ.കെ രമ എം.എൽ.എ

Update: 2022-09-21 06:56 GMT
Editor : ijas
Advertising

കോഴിക്കോട്: മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച സി.സി.ടി.വി ദൃശ്യങ്ങൾ ഹാർഡ് ഡിസ്കിൽ നിന്ന് നഷ്ടപ്പെട്ടതായി ആശുപത്രി സൂപ്രണ്ട്. അവസാന 12 ദിവസത്തെ ദൃശ്യങ്ങൾ മാത്രമാണ് ഹാർഡ് ഡിസ്കിൽ ഉണ്ടാവുകയെന്ന് ഹാർഡ് ഡിസ്ക് കൈമാറണമെന്ന അപേക്ഷയിൽ ആശുപത്രി അധികൃതർ പൊലീസിന് മറുപടി നൽകി. പൊലീസും ആശുപത്രി അധികാരികളും ഒത്തു കളിക്കുകയാണെന്ന് കെ.കെ രമ എം.എൽ.എ ആരോപിച്ചു.

കോടതിയിൽ സമർപ്പിക്കാൻ ഹാർഡ് ഡിസ്ക് വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് പൊലീസ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് അപേക്ഷ നൽകിയത്. എന്നാൽ സുരക്ഷാ ജീവനക്കാർക്കു നേരെ ആക്രമണമുണ്ടായ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഹാർഡ് ഡിസ്കിൽ ഇല്ലെന്നാണ് ആശുപത്രി സൂപ്രണ്ട് നൽകിയ മറുപടിയിൽ പറയുന്നത്. അവസാന 12 ദിവസത്തെ ദൃശ്യങ്ങൾ മാത്രമാണ് ഹാർഡ് ഡിസ്കിൽ സൂക്ഷിക്കാൻ കഴിയുക. അതിന് മുമ്പുള്ള ദൃശ്യങ്ങൾ തനിയെ നഷ്ടപ്പെടും. അതിനാൽ കേസിന്‍റെ കാര്യങ്ങൾക്ക് കോപ്പി ചെയ്തെടുത്ത സി.സി.ടി.വി ദൃശ്യങ്ങൾ ഉപയോഗിക്കണമെന്നും ഹാർഡ് ഡിസ്ക് വിട്ടു നൽകാനാവില്ലെന്നുമാണ് സൂപ്രണ്ടിന്‍റെ മറുപടി. പൊലീസ് ഇക്കാര്യം കോടതിയെ അറിയിക്കും. .

സംഭവം നടന്ന് 16 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് സൂപ്രണ്ടിന് അപേക്ഷ നൽകിയത്. ദൃശ്യങ്ങൾ കെട്ടിച്ചമച്ചതാണെന്ന് വാദിക്കാൻ പ്രതികൾക്ക് അവസരമൊരുക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണമാണ് സെക്യൂരിറ്റി ജീവനക്കാർ ഉന്നയിക്കുന്നത്. ഹാർഡ് ഡിസ്ക് കണ്ടെടുക്കാത്തതിന് കാരണം മെഡിക്കൽ കോളജ് അധികൃതരും പൊലീസും തമ്മിലുള്ള ഒത്തുകളിയാണെന്ന് കെ.കെ രമ എം.എൽ.എ ആരോപിച്ചു. പ്രതികളെ ഒളിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ കണ്ടെത്താനാകുമായിരുന്നില്ലെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും കെ.കെ രമ മീഡിയവണിനോട് പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News