കൊച്ചിയിൽ മേഘവിസ്ഫോടനം സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്
തൃക്കാക്കരയിൽ മെയ് 28ന് പെയ്ത കനത്ത മഴക്ക് കാരണം മേഘ വിസ്ഫോടനം (cloudburst) തന്നെയാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്
തിരുവനന്തപുരം: എറണാകുളം തൃക്കാക്കരയിൽ മെയ് 28ന് പെയ്ത കനത്ത മഴക്ക് കാരണം മേഘ വിസ്ഫോടനം (cloudburst)എന്ന് സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് 28ന് കുസാറ്റ് ക്യാമ്പസിലെ മഴമാപിനിയിൽ 103 മില്ലി ലിറ്റർ മഴയാണ് ഒരു മണിക്കൂറിൽ രേഖപ്പെടുത്തിയത്. കാലാവസ്ഥാ വകുപ്പിന്റെ കളമശ്ശേരിയിലെ മഴ മാപിനിയിൽ 100 മില്ലി ലിറ്റർ മഴയും രേഖപ്പെടുത്തി.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡപ്രകാരം ഒരു പ്രദേശത്ത് മണിക്കൂറിൽ പത്ത് മില്ലി ലിറ്റർ മഴ പെയ്യുകയാണെങ്കിൽ അത് മേഘവിസ്ഫോടനമായി കണക്കാക്കാം. കൊച്ചിയിലുണ്ടായത് കേരളത്തിലെ ആദ്യത്തെ മേഘവിസ്ഫോടനമല്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ, ഒരു ചെറിയപ്രദേശത്തു പെയ്തിറങ്ങുന്ന അതിശക്തമായ മഴയെയാണ് മേഘസ്ഫോടനം എന്ന് വിളിക്കുന്നത്. പലപ്പോഴും മിനിറ്റുകൾ മാത്രം നീളുന്ന ഈ പ്രതിഭാസം വലിയ വെള്ളപ്പൊക്കങ്ങൾക്കും നാശനഷ്ടങ്ങൾക്കുമിടയാക്കാറുണ്ട്. കാറ്റും ഇടിമുഴക്കവുമായി തുടങ്ങുന്ന മഴ വളരെ പെട്ടെന്ന് ശക്തിപ്രാപിക്കുകയും ആ പ്രദേശത്തെയാകെ വെള്ളക്കെട്ടിലാക്കുകയും ചെയ്യും.