മലപ്പുറത്ത് സമരം ചെയ്യുന്നത് മാഫിയകളെന്ന് മന്ത്രി ഗണേഷ് കുമാർ; പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് സി.ഐ.ടി.യു

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം നടക്കുന്നുണ്ട്

Update: 2024-05-02 14:05 GMT
Advertising

മലപ്പുറം: സംസ്ഥാനത്ത് നടപ്പാക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ സമരം ചെയ്തവരെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അധിക്ഷേപിച്ചതായി ആരോപണം. മലപ്പുറത്ത് നടക്കുന്ന സമരം ഡ്രൈവിങ് സ്കൂൾ മാഫിയകളുടെ നേതൃത്വത്തിലാണെന്നാണ് മ​ന്ത്രി പറഞ്ഞത്.

വാഹനം നേരാവണ്ണം ഓടിക്കാൻ അറിയാത്തവർക്ക് ലൈസൻസ് കൊടുക്കുന്നത് അപകടകരമാണ്. മലപ്പുറത്ത് ഒരു മാഫിയയുണ്ട്. അവരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇത്തരം മാഫിയകളെ ഒന്നും സർക്കാർ അംഗീകരിക്കില്ല.

ഒരു ഉദ്യോഗസ്ഥൻ 126 ലൈസൻസാണ് ഒരു ദിവസം നൽകിയത്. കൂടാതെ നിരവധി വാഹനങ്ങൾക്ക് ഫിറ്റ്നസും നൽകി. ഇത് അഴിമതിയാണ്. ഇത് നോക്കിനിൽക്കാൻ മന്ത്രിയെന്ന നിലക്ക് സാധിക്കില്ല.

ഡ്രൈവിങ് സ്കൂളുകളുടെ ബിസിനസിന് സർക്കാർ കൂട്ടുനിൽക്കില്ല. മലപ്പുറത്ത് കിടന്ന് ചാടുന്നവരോട് ഞാനൊരു കാര്യം പറയാം, നിങ്ങളുടെ പുരയിടത്ത് വന്ന് ഡ്രൈവിങ് ടെസ്റ്റ് ഇനി ഉണ്ടാകില്ല. സർക്കാർ അത് അവസാനിപ്പിക്കും.

മലപ്പുറത്തെ ആർ.ടി.ഒ ഓഫിസിൽ വലിയ തട്ടിപ്പാണ് ഏജൻറുമാരുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇത് അനുവദിച്ച് കൊടുക്കില്ല. ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

അതേസമയം, മന്ത്രിക്കെതിരെ സി.ഐ.ടി.യു അടക്കമുള്ളവർ രംഗത്തുവന്നു. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട സർക്കുലർ പിൻവലിക്കുന്നത് വരെ സമരം ചെയ്യും. തങ്ങൾ മാന്യമായിട്ട് തൊഴിലെടുത്ത് ജീവിക്കുന്നവരാണ്. തങ്ങൾ ഗുണ്ടകളും മാഫിയകളുമല്ല. മന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.

മലപ്പുറം എന്ന് കേൾക്കുമ്പോൾ തെക്കൻ കേരളത്തിലുള്ളവർക്ക് ചില തെറ്റിദ്ധാരണകളുണ്ട്. അതാണ് മന്ത്രിയുടെ പ്രസ്താവനയിൽ കാണുന്നത്. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ്. മാഫിയകള്‍ അല്ലെന്നും സി.ഐ.ടി.യു നേതാക്കൾ പറഞ്ഞു.

ആര്‍.ടി.ഒ ഓഫസിലെ അഴിമതിക്ക് ഉത്തരവാദികള്‍ മന്ത്രിക്ക് കീഴിലെ ഉദ്യോഗസ്ഥരാണ്. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. തിരുവനന്തപുരത്ത് സമരമുണ്ട്. അതൊന്നും മാഫിയ അല്ലേ. അതില്‍ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നതെന്നും നേതാക്കൾ ചോദിച്ചു.

ലൈസൻസിനായുള്ള 21,000 അപേക്ഷകൾ തീരുമാനമാകാതെ കിടക്കുകയാണ്. മൂന്ന് ലക്ഷത്തിന് മുകളിൽ ​ലൈസൻസുകൾ വിതരണം ചെയ്യാനുണ്ട്. ആർ.സിയും ലഭിക്കുന്നില്ല. ഇതിനൊന്നും പരിഹാരം ഉണ്ടായിട്ടില്ലെന്നും സമരക്കാർ ആരോപിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിഷ്കാരത്തിനെതിരെ സമരം തുടരുകയാണ്. ഇതിനിടയിലാണ് മലപ്പുറത്തെ മാത്രം ആക്ഷേപിച്ച് മന്ത്രിയുടെ പ്രതികരണം വരുന്നത്. റോഡ് ടെസ്റ്റിനു ശേഷം 'എച്ച്' ടെസ്റ്റ് നടത്തുക, ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്‍റെ ഭാഗമാണ്.

പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. പുതിയതായി ടെസ്റ്റിൽ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി 60 പേര്‍ക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദേശം.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News