'യു.പി മോഡല്‍ പ്രതികാരമല്ല, ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് പ്രധാനം '; കെ.എസ്.ഇ.ബിയെ ന്യായീകരിച്ച് മന്ത്രി കെ.കൃഷ്ണൻ കുട്ടി
ഫ്യൂസ് ഊരിയ സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിലെ ഫ്യൂസ് ഊരിയ കെ.എസ്.ഇ.ബി നടപടിയെ ന്യായീകരിച്ച് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി.ഓഫീസിൽ കയറി അക്രമിച്ചത് തെറ്റായ സംഭവമാണ്. കണക്ഷൻ കൊടുത്ത ശേഷമാണ് ആക്രമണം നടത്തിയത്.ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് തന്നാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
അതേസമയം, കോഴിക്കോട് തിരുവമ്പാടിയിൽ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയ സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ വൈദ്യുതി വകുപ്പ് മന്ത്രി പ്രാപ്തനാണ്. പൊതുതാൽപര്യം മുൻനിറുത്തി ഉചിതമായ തീരുമാനം എടുക്കുമെന്നും എ. ശശീന്ദ്രൻ പറഞ്ഞു.
കെ.എസ്.ഇ.ബി ജീവനക്കാർക്കെതിരെ അജ്മലിന്റെ മാതാവ് മറിയം രംഗത്തെത്തി. ജീവനക്കാരാണ് മക്കളെ ആക്രമിച്ചതെന്ന് മറിയം പറഞ്ഞു. ഓഫീസിലെ ഉപകരണങ്ങൾ തല്ലിത്തകർത്തത് ജീവനക്കാർ തന്നെയാണെന്നും അവര്‍ പറഞ്ഞു.