'ലോകം എന്തെന്ന് മനസിലാക്കണം'; വിദേശയാത്രകളെ ന്യായീകരിച്ച് മുഹമ്മദ് റിയാസ്
'നമ്മുടെ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഒരുപാട് വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലും അങ്ങനെയാണ്. ഇതൊരു മോശപ്പെട്ട കാര്യമല്ല'
കോഴിക്കോട്: മന്ത്രിമാരുടെ വിദേശ യാത്രകളെ ന്യായീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ലോകം എന്തെന്ന് നേരിട്ട് മനസ്സിലാക്കാനും അത് കേരളത്തില്‍ നടപ്പിലാക്കാനും വിദേശ യാത്ര നടത്തുന്നത് തെറ്റായ കാര്യമല്ലെന്ന് മന്ത്രി പറഞ്ഞു. വിദേശ യാത്ര നടത്തുന്നത് പ്രശ്നമല്ല. നമ്മുടെ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഒരുപാട് വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലും അങ്ങനെയാണ്. ഇതൊരു മോശപ്പെട്ട കാര്യമാണെന്ന അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
സി.പി.എം പ്രസ്താവനയിൽ ജീവിക്കുന്ന പാർട്ടിയല്ല. നാവിന്‍റെ വലുപ്പം കൊണ്ട് മാത്രം രാഷ്ട്രീയ നടത്തുന്ന പാർട്ടിയുമല്ല. മറിച്ച് രാഷ്ട്രീയ പ്രശ്നങ്ങളിൽ ചടുലമായി ഇടപെടുന്ന പാർട്ടിയാണിത്. രാഷ്ട്രീയ ലാഭത്തിനല്ല സി.പി.എം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
അതിനിടെ അബൂദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനുള്ള കേരള സര്‍ക്കാരിന്‍റെ പ്രതിനിധി സംഘം ഇന്ന് യു.എ.ഇയിലേക്ക് പുറപ്പെടും. യാത്രയ്ക്കായി മുഖ്യമന്ത്രി അനുമതി തേടിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി യാത്രയിൽ നിന്ന് പിന്മാറുകയും ചെയ്തു. നോർക്ക, ഐടി, ടൂറിസം സെക്രട്ടറിമാരാകും നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുക.