'അധികാരത്തിൽ വരില്ല എന്ന് കരുതുന്നത് കൊണ്ടാണോ കേരളീയത്തെ എതിർക്കുന്നത്?': പ്രതിപക്ഷത്തോട് മന്ത്രി മുഹമ്മദ് റിയാസ്
കേരളീയം മറ്റു ജില്ലകളിലും സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി
പ്രതിപക്ഷത്തെ എല്ലാ നേതാക്കളും കേരളീയത്തെ എതിർക്കുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷത്തെ പലരും കേരളീയത്തിൽ പങ്കെടുക്കുന്നുണ്ടെന്നും കേരളീയം മറ്റു ജില്ലകളിലും സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
"കേരളത്തെ ലോകത്തിന് പരിചയപ്പെടുത്താൻ കേരളീയം ഏറെ സഹായിക്കുന്നുണ്ട്. കേരളീയത്തിനെത്തുന്ന വിദേശികളടക്കം പറയുന്നത് ഇനിയും വരുമെന്നാണ്. കേരളത്തിലെ ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം കേരളീയം നൽകുന്ന ഊർജം ചെറുതല്ല. കേരളീയം തങ്ങളുടെ നാട്ടിലും വേണമെന്ന ആവശ്യം പലയിടങ്ങളിൽ നിന്നായി ആളുകളുയർത്തുന്നുണ്ട്. അത് ആലോചിക്കേണ്ട കാര്യമാണ്. ആലോചിക്കുകയും ചെയ്യും.
നൂറ് ശതമാനവും ജനങ്ങളുടെ ഫെസ്റ്റ് ആണ് കേരളീയം. പ്രതിപക്ഷത്തിന് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. പക്ഷേ ഇക്കാര്യം അവർ ആലോചിക്കണം. ഭരണം ഒരിക്കലും കിട്ടില്ലെന്ന നിരാശയാണോ കേരളീയത്തോടുള്ള എതിർപ്പിന് പിന്നിൽ? ഞങ്ങൾ ഭരിക്കുമ്പോൾ ഇതൊക്കെ മതി എന്നാണോ പ്രതിപക്ഷത്തിന്റെ നിലപാട്? എന്തായാലും ഇതൊരു ക്രിയാത്മകമായ കാഴ്ചപ്പാടല്ല. സഹകരിക്കേണ്ട മേഖലകളിൽ അവർ സഹകരിക്കുന്നില്ല എന്ന് തന്നെ പറയണം. കോൺഗ്രസിൽ എല്ലാവരും കേരളീയത്തെ എതിർക്കുന്നില്ല എന്നതാണ് വാസ്തവം. പ്രതിപക്ഷത്തിൽ തന്നെ പലരും കേരളീയത്തിന് വരുന്നുണ്ട്". മന്ത്രി പറഞ്ഞു.