'രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരൻ; നിരപരാധിയാണെങ്കിൽ എന്തു ചെയ്യും?'-പരാതി ലഭിച്ചാൽ നടപടിയെന്ന് മന്ത്രി സജി ചെറിയാൻ

''നടി പരസ്യമായാണ് ആരോപണമുന്നയിച്ചത്. ആരോപണവിധേയൻ അതു പരസ്യമായി തള്ളുകയും ചെയ്തിട്ടുണ്ട്. കുറ്റം അന്വേഷിച്ചു തെളിഞ്ഞാലാണ് ഒരാൾ കുറ്റക്കാരനാകുന്നത്. കുറ്റം ചെയ്യാത്തയാളെ ക്രൂശിക്കാൻ പാടുണ്ടോ?''

Update: 2024-08-24 04:47 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ബംഗാളി നടിയുടെ വെളിപ്പെടുത്തലിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനു പ്രതിരോധവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. നടി രേഖാമൂലം പരാതി നൽകിയാൽ ശക്തമായ നടപടിയുണ്ടാകും. ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്. കേസിൽ നിരപരാധിയാണെങ്കിൽ എന്തു ചെയ്യും? ഏത് ഉന്നതനായാലും പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ എല്ലാ നിർദേശങ്ങളും ഒന്നൊന്നായി നടപ്പാക്കുമെന്നും സിനിമാ വ്യവസായത്തെ ഒന്നാകെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രഞ്ജിത്ത് ആ ചുമതല വഹിക്കുന്നത് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണെന്നു മന്ത്രി പറഞ്ഞു. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണത്തിൽ വസ്തുതയുണ്ടെങ്കിൽ അക്കാര്യം സി.പി.എം പരിശോധിക്കുമായിരിക്കും. നടി പരസ്യമായാണ് ആരോപണമുന്നയിച്ചത്. ആരോപണവിധേയൻ അതു പരസ്യമായി തള്ളുകയും ചെയ്തിട്ടുണ്ട്. നിയമത്തിന്റെ മുൻപിൽ വിഷയം വന്നാൽ പരിശോധിക്കുമെന്നും സജി ചെറിയാൻ അറിയിച്ചു.

''കുറ്റം അന്വേഷിച്ചു തെളിഞ്ഞാലാണ് ഒരാൾ കുറ്റക്കാരനാകുന്നത്. കുറ്റം ചെയ്യാത്തയാളെ ക്രൂശിക്കാൻ പാടുണ്ടോ? അദ്ദേഹം നിരപരാധിയാണെങ്കിൽ എന്തു ചെയ്യും? ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ കലാകാരനാണ് രഞ്ജിത്ത്. അദ്ദേഹത്തിന്റെ സൈറ്റിലാണു സംഭവം ഉണ്ടായതെന്നാണ് അറിയുന്നത്. സഹപ്രവർത്തകരും ഒപ്പമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

സർക്കാർ വേട്ടക്കാരനൊപ്പമല്ല, ഇരയ്‌ക്കൊപ്പമാണ്. പരാതിക്കു മേലേ കേസെടുക്കാനാകൂ. ഏതെങ്കിലും ഊഹാപോഹത്തിനുമേലും ഏതെങ്കിലും കമ്മിറ്റിയുടെ കണ്ടെത്തലിനുമേലും കേസെടുത്താൽ നിലിനിൽക്കില്ല.

സർക്കാർ സ്ത്രീകൾക്കൊപ്പമാണ്. അവർക്കെതിരെ ആക്രമണമുണ്ടായാൽ നടപടിയുണ്ടാകും. എന്നാൽ, നടപടി സ്വീകരിക്കാൻ പരാതി വേണം. ഇല്ലെങ്കിൽ നടപടി സ്വീകരിക്കാൻ പറ്റില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതാണ്. നടി പരാതി നൽകിയാൽ സർക്കാർ അക്കാര്യം പരിശോധിക്കും.''

സ്ത്രീ സംരക്ഷണത്തിന് ഏറ്റവും പ്രാധാന്യം നൽകുന്ന സർക്കാരാണിതെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റിയെ നിയോഗിച്ചത് അതിൻരെ ഭാഗമാണ്. കമ്മിറ്റി നിർദേശിച്ച കാര്യങ്ങളിൽ പലതിലും തീരുമാനമായിക്കഴിഞ്ഞു. ബാക്കിയുള്ള കാര്യങ്ങളിലേക്കും കടന്നു. ട്രിബ്യൂണൽ അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ ആലോചനയും രാഷ്ട്രപതിയുടെ ഉൾപ്പെടെ അംഗീകാരവും ആവശ്യമാണ്.

'അമ്മ'യുടെ ഭാരവാഹികളെ വിളിച്ചു സംസാരിച്ച കാര്യം ഇന്നലെ വാർത്താ സമ്മേളനത്തിൽ സിദ്ദിഖ് വ്യക്തമാക്കിയതാണ്. നിർദേശിക്കപ്പെട്ട കാര്യങ്ങൾ ഒന്നൊന്നായി നടപ്പാക്കാനുള്ള കാര്യങ്ങൾ സർക്കാർ സ്വീകരിച്ചുകഴിഞ്ഞു. അതിനായി മറ്റു കാര്യങ്ങൾ കൂടി പരിശോധിച്ചു സിനിമാനയം രൂപീകരിക്കണം.

പതിനായിരക്കണക്കിന് ആളുകൾ തൊഴിലെടുക്കുന്ന വ്യവസായത്തെ നശിപ്പിക്കരുത്. സിനിമാ വ്യവസായത്തെ സംരക്ഷിക്കുന്നതോടൊപ്പം അതിനകത്തു വന്ന തെറ്റായ പ്രവണതകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.

Summary: Kerala cultural Minister Saji Cherian protects Kerala Chalachitra Academy Chairman Ranjith over Bengali actress' sexual allegation

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News