പ്രശ്നമുള്ള 132 സ്ഥാപനങ്ങള്‍ സഹകരണ ബാങ്കുകളല്ല- മന്ത്രി വി.എൻ വാസവൻ
സഹകരണ മേഖലയെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് 164 സഹകരണ ബാങ്കുകൾ പ്രതിസന്ധിയിലെന്ന വാർത്ത തള്ളി സഹകരണ മന്ത്രി വി.എൻ. വാസവൻ. പ്രശ്നമുള്ള 132 സ്ഥാപനങ്ങള്‍ സഹകരണ ബാങ്കുകള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ തകർക്കാൻ ബോധപൂർവ ശ്രമം നടക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
നേരത്തെ നിയമസഭയിലാണ് സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് സർക്കാർ അറിയിച്ചത്. ഈ മാസം 18-ന് കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി വി.എൻ വാസവൻ തന്നെയാണ് ഈ വിവരം നിയമസഭയെ അറിയിച്ചത്. നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകാൻ കഴിയാത്ത സഹകരണ സംഘങ്ങളാണ് നഷ്ടത്തിലാണെന്ന് കണക്കാക്കുന്നത്. ഇത്തരത്തിൽ ഓരോ ജില്ലയിലെയും കണക്കുകളും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ സഹകരണ സംഘങ്ങൾ നഷ്ടത്തിലുള്ളതായി റിപ്പോര്‍ട്ടുള്ളത്. ഇവിടെ 37 സഹകരണ സംഘങ്ങളാണ് നഷ്ടത്തിൽ. കൊല്ലം 12, പത്തനംതിട്ട-ആലപ്പുഴ ജില്ല 15, കോട്ടയം 22, തൃശ്ശൂർ 11, മലപ്പുറം 12 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.