ആദിവാസി ബാലനെ ഉൾപ്പെടുത്തി മാവോയിസ്റ്റ് അനുകൂല വീഡിയോ; മിത്ര ജ്യോതി ഫൗണ്ടേഷൻ ചെയർമാൻ അറസ്റ്റിൽ
നിലമ്പൂർ മേഖലയിലെ ട്രൈബൽ കോളനികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻജിഒ സംഘടനയായ മിത്ര ജ്യോതി ട്രൈബൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ ചെയർമാനാണ് അജ്മൽ
മലപ്പുറം: ആദിവാസി ബാലനെ നിർബന്ധിച്ച് മാവോയിസ്റ്റ് അനുകൂല വീഡിയോ ചിത്രീകരിച്ചെന്ന കേസിൽ മിത്ര ജ്യോതി ട്രൈബൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ ചെയർമാൻ അജ്മൽ കെ.ടി അറസ്റ്റിൽ. ''മാവോയിസ്റ്റ് ആവണം, മാവോയിസ്റ്റ് ആയാലാണ് കൂടുതൽ ഗുണങ്ങളെന്നും'' എന്നിട്ട് നിന്റെ വീട്ടുകാരെയും കോളനിക്കാരെയും മാവോയിസ്റ്റിലേക്ക് ചേർക്കണം'' എന്ന് ആദിവാസി ബാലൻ പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതെന്ന് നിലമ്പൂർ പോലീസ് പറഞ്ഞു.
നിലമ്പൂർ മേഖലയിലെ ട്രൈബൽ കോളനികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻജിഒ സംഘടനയായ മിത്ര ജ്യോതി ട്രൈബൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ ചെയർമാനാണ് മഞ്ചേരി മേലാക്കം സ്വദേശി അജ്മൽ. അജ്മലിന്റെ പേരിൽ എടക്കര, അരീക്കോട്, കുറ്റിപ്പുറം, മഞ്ചേരി എന്നീ പോലീസ് സ്റ്റേഷനിൽ ആൾമാറാട്ട തട്ടിപ്പ് കേസ്സുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
അഗളി പോലീസ് രജിസ്റ്റർ ചെയ്ത ആദിവാസികളെ ഭീഷണിപ്പെടുത്തിയെന്ന കേസിലും അജ്മൽ പ്രതിയാണ് . ഈ കേസിൽ ജയിലിൽ കഴിഞ്ഞ് വരവെയാണ് നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി ഇപ്പോൾ പാലക്കാട് ജയിലിലാണ്.