മോദി ഷോ കേരളത്തിൽ ക്ലച്ച് പിടിക്കില്ല-പി.കെ കുഞ്ഞാലിക്കുട്ടി
''അയോധ്യയും വിശ്വാസവുമെല്ലാം രാഷ്ട്രീയവൽക്കരിക്കുന്നത് ഇന്ത്യയിലെ ജനങ്ങൾ മനസിലാക്കും.''
കോഴിക്കോട്: മോദി ഷോ കേരളത്തിൽ ക്ലച്ച് പിടിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വിദ്വേഷം പ്രചരിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിനും ബി.ജെ.പിയ്ക്കും. കേന്ദ്ര സർക്കാരിൽനിന്ന് ആവശ്യമുള്ളത് നേടിയെടുക്കാൻ കേരള സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ' എന്ന പ്രമേയത്തിലുള്ള മുസ്ലിം യൂത്ത് ലീഗ് മഹാറാലിയുടെ ഭാഗമായി കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ കാണുന്ന മോദി ഷോ കേരളത്തിൽ ക്ലച്ച് പിടിക്കാൻ പോകുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തൂത്തുവാരും. അയോധ്യയും വിശ്വാസവുമെല്ലാം രാഷ്ട്രീയവൽക്കരിക്കുന്നത് ഇന്ത്യയിലെ ജനങ്ങൾ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നിലച്ചെന്നും കേന്ദ്രം സഹായിക്കുന്നില്ലെന്നുമൊക്കെയാണ് ഇപ്പോൾ പറയുന്നത്. ഒരു തരത്തിലും നല്ല ഭരണമല്ല നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിൽനിന്ന് ആവശ്യമുള്ളത് നേടിയെടുക്കാൻ കേരള സർക്കാർ ഒന്നും ചെയ്യുന്നില്ല. ഒന്നിച്ച് പ്രക്ഷോഭം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യം യു.ഡി.എഫ് ആലോചിച്ച് തീരുമാനമെടുക്കും. ഇതിനായി ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Summary: ''Modi show will not win votes in Kerala'': Says Muslim League leader PK Kunhalikutty