മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹരജിയിൽ വിധി ഇന്ന്

മുഖ്യമന്ത്രി, ടി.വീണ എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെയാണ് മാത്യു കുഴൽനാടൻ എം.എൽ.എ ഹരജി ഫയൽ ചെയ്തത്.

Update: 2024-04-12 00:51 GMT

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ ടി.വീണ എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഹരജിയിൽ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയും. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന മുന്‍ ആവശ്യത്തില്‍ നിന്ന് കഴിഞ്ഞ ദിവസം മാത്യു പിന്മാറിയിരുന്നു. കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്നാണ് മാത്യുവിന്റെ പുതിയ ആവശ്യം. ഇതിലാണ് ഇന്ന് കോടതി വിധി പറയുക.

കരിമണൽ ഖനനത്തിനായി സി.എം.ആർ.എൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ഹരജിയിൽ മാത്യു ആരോപിക്കുന്നത്. മുഖ്യമന്ത്രി, ടി.വീണ എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെയാണ് മാത്യു ഹരജി ഫയൽ ചെയ്തത്.  

Advertising
Advertising

അതേസമയം, മസാലബോണ്ട് കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഇ.ഡി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പ് കാലമായതിനാൽ തോമസ് ഐസക്കിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി. ഇ.ഡി സമൻസിനെതിരായ ഐസക്കിൻ്റെ ഹരജി റദ്ദാക്കണമെന്നും അപ്പീലിലുടെ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കിഫ്ബി നൽകിയ രേഖകളിൽ നിന്നും മസാലബോണ്ട് ഇറക്കിയതിൽ ഐസക്കിൻ്റെ പങ്ക് കൃത്യമായി മനസിലായെന്നും അപ്പീലിലുണ്ട്. ഐസക്കിനെ ചോദ്യം ചെയ്യേണ്ട അടിയന്തര സാഹചര്യം ഇ.ഡിക്ക് കോടതിയെ ബോധ്യപ്പെടുത്തേണ്ടി വരും.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News