സിപിഎം പിബിയിലേക്ക് കൂടുതല്‍ പുതുമുഖങ്ങൾ എത്തിയേക്കും; പ്രായപരിധി കർശനമാക്കിയാല്‍ ഏഴ് പേർ പുറത്ത്
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ ബേബിയും, അശോക് ധവ്ള ഉൾപ്പെടെയുള്ള അഞ്ച് നേതാക്കളും പരിഗണനയിലുണ്ട്.


തിരുവനന്തപുരം: അടുത്തമാസം തമിഴ്നാട് മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസോടെ സിപിഎം പിബിയിലേക്ക് കൂടുതല്‍ പുതുമുഖങ്ങൾ എത്തിയേക്കും. പ്രായപരിധി കർശനമാക്കിയാല്‍ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ ആറ് നേതാക്കള്‍ പിബിക്ക് പുറത്തുപോകും.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെ, കേരളത്തിൽനിന്നുള്ള കെ.കെ ശൈലജ എന്നിവരെ പിബിയിലേക്ക് പരിഗണിക്കുന്നുണ്ട്. 24-ാം പാർട്ടി കോൺഗ്രസ് തമിഴ്നാട് മധുരയിലെ രണ്ടു മുതൽ ആറു വരെയാണ് നടക്കുന്നത്. 75 വയസ് എന്ന പ്രായപരിധി കർശനമായി നടപ്പാക്കിയാൽ പോളിറ്റ് ബ്യൂറോയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കും.
17 പിബി അംഗങ്ങളില്‍ ഏഴ് പേർ 75 വയസ് പ്രായപരിധി കടന്നവരാണ്. പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, ത്രിപുര മുന്‍ മുഖ്യമന്ത്രി മാണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, തമിഴ് മുന്‍ സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണന്‍, ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവർക്കാണ് 75 വയസ് കഴിഞ്ഞത്.
പാർട്ടിയുടെ രാജ്യത്തെ ഏക മുഖ്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ തവണത്തേത് പോലെ പിണറായി വിജയന് ഇത്തവണയും ഇളവ് കിട്ടിയേക്കും. ബൃന്ദ കാരാട്ടും സുഭാഷിണി അലിയും ഒഴിഞ്ഞാല്‍ അതുപോലെ വനിതാ പ്രാതിനിധ്യം കൊണ്ടുവരേണ്ടി വരും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെ, സിഐടിയു ദേശീയ സെക്രട്ടറി എ.ആർ സിന്ധു, തമിഴ്നാട്ടിലെ മുതിർന്ന ട്രേഡ് യൂണിയന്‍ നേതാവ് യു. വാസുകി, കെ.കെ ശൈലജ എന്നിവരില്‍ ചിലർ പിബിയില്‍ എത്തിയേക്കും.
കിസാന്‍ സഭാ നേതാവ് വിജു കൃഷ്ണന്‍, തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖം, ബംഗാളില്‍ നിന്നുള്ള മുന്‍ എംപി അരുണ്‍കുമാർ എന്നിവരുടെ പേര് പിബി പട്ടികയുടെ ചർച്ചയിലുണ്ട്. കേരളത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കാന് തീരുമാനിച്ചാല്‍ കെ. രാധാകൃഷ്ണൻ, തോമസ് ഐസക്, ഇ.പി ജയരാജന്‍ എന്നിവർ പരിഗണനയിലുണ്ടാകും.
ജനറല്‍ സെക്രട്ടറി ആരാകും എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. എം.എ ബേബി, ആന്ധ്രാപ്രദേശ് മുന്‍ സംസ്ഥാന സെക്രട്ടറി ബി.വി രാഘവലു, കിസാന്‍ സഭാ നേതാവ് അശോക് ധാവ്ള എന്നീ പേരുകളാണ് സജീവം. ബംഗാളിൽ നിന്നുള്ള മുഹമ്മദ് സലീം, തപൻസെന്‍ എന്നീ പേരുകളും കേള്‍ക്കുന്നുണ്ട്. എം.എ ബേബി ജനറൽ സെക്രട്ടറി ആയാൽ ഇഎംഎസിനു ശേഷം കേരളത്തിൽ നിന്നുള്ള ആദ്യത്തെ സിപിഎം ജനറൽ സെക്രട്ടറിയാകും.