കോവിഡിനെ പേടിച്ച് കുടുംബം വിഷം കഴിച്ചു; അമ്മയും മകനും മരിച്ചു
23കാരി ജ്യോതികയും മൂന്ന് വയസുകാരന്‍ മകനുമാണ് മരിച്ചത്
തമിഴ്നാട്ടിലെ മധുരയില്‍ കോവിഡിനെ പേടിച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും കുഞ്ഞും മരിച്ചു. മൂന്ന് പേര്‍ രക്ഷപ്പെട്ടു. 23കാരി ജ്യോതികയും മൂന്ന് വയസുകാരന്‍ മകനുമാണ് മരിച്ചത്. മരിച്ച യുവതിയുടെ മാതാവും സഹോദരങ്ങളുമടക്കം കുടുംബത്തിലെ അഞ്ച് പേരാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഭര്‍ത്താവ് നാഗരാജിന്‍റെ മരണത്തോടെ ജ്യോതികയുടെ അമ്മ ലക്ഷ്മി മാനസികമായി തളര്‍ന്ന് അവസ്ഥയിലായിരുന്നു. കൂലിവേല ചെയ്തുകൊണ്ടിരുന്ന നാഗരാജ് കഴിഞ്ഞ മാസമാണ് മരിക്കുന്നത്. നാഗരാജിന്‍റെ മരണം കുടുംബത്തെ ഒന്നാകെ ബാധിച്ചിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞു സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു ജ്യോതിക. ജനുവരി 8ന് ജ്യോതികയ്ക്ക് കോവിഡ് ബാധിച്ചു. ഇതു മറ്റുള്ളവരിലേക്കും പടരുമെന്ന് ഭയന്നാണ് കുടുംബം വിഷം കഴിച്ചത്. തൊട്ടടുത്ത ദിവസമാണ് അയല്‍ക്കാര്‍ വിവരമറിഞ്ഞ് പൊലീസിനെ വിവരം അറിയിക്കുന്നത്. സ്ഥലത്തെത്തിയ പൊലീസ് മൂന്നു പേരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിനു മുന്‍പ് തന്നെ ജ്യോതികയും മകനും മരിച്ചിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചാല്‍ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.