ചോദ്യം ചോർന്നതല്ല, പ്രവചനമെന്ന് എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബ്
പത്താം ക്ലാസ് കെമിസ്ട്രി ചോദ്യപേപ്പർ ചോർന്നെന്ന ആരോപണവുമായി KSU രംഗത്തെത്തിയിരുന്നു
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി എംഎസ് സൊല്യൂഷൻസ് ഉടമ ഉടമ ഷുഹൈബ്. 'എട്ട് വർഷമായി കെമിസ്ട്രി ക്ലാസ് എടുക്കുന്ന അധ്യാപകനാണ് ഞാൻ. ഇന്നലെ ലൈവ് പോയത് രണ്ട് മണിക്കൂറോളമാണ്. ലൈവ് പോയത് മുഴുവൻ മുൻ വർഷങ്ങളിലെ ചോദ്യപേപ്പർ അടിസ്ഥാനപ്പെടുത്തിയാണ്. ചോദ്യം ചോർന്നിട്ടില്ല, പ്രവചനമെന്നും' ഷുഹൈബ് മീഡിയവണിനോട് പറഞ്ഞു.
'ഇന്ന് നടന്ന പരീക്ഷയിൽ ഓർ ചോദ്യങ്ങളടക്കം മൊത്തം 50 മാർക്കിൽ 46 മാർക്കിൻ്റെ ചോദ്യങ്ങളും സൈലത്തിൻ്റെ വീഡിയോയിൽ വന്നിട്ടുണ്ട്. ചോദ്യപേപ്പറിലെ ഒരു ചോദ്യം 2019 മുതൽ ഇതുവരെ ചോദിച്ചിട്ടില്ല. അത് പോലും സൈലത്തിൻ്റെ വീഡിയോയിൽ പറയുന്നുണ്ട്.'- ഷുഹൈബ് ചൂണ്ടിക്കാട്ടി.
'ഞാനൊരു ചെറിയ ആൾ ആയതുകൊണ്ടാവാം പരാതിയിലെല്ലാം എൻ്റെ പേര് വരുന്നത്. എനിക്ക് നിക്ഷേപകരൊന്നുമില്ല. ഒരു ട്രൈപോഡ്, ഒരു മൊബൈൽ, ഒരു മൈക് എന്നിവ കൊണ്ടാണ് ഞാൻ ഈ ചാനൽ തുടങ്ങിയത്. എൻ്റെ വളർച്ച ഇഷ്ടപ്പെടാത്ത കോർപ്പറേറ്റ് കമ്പനികളായിരിക്കാം ഈ ആരോപണങ്ങൾക്കെല്ലാം പിന്നിൽ. 'എംഎസേ നീ സൂക്ഷിച്ചോ, ഈ ക്രിസ്മസ് പരീക്ഷക്ക് നിന്നെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്' എന്ന ഒരു നേരത്തെതന്നെ ഒരു അജ്ഞാത സന്ദേശം എനിക്ക് ലഭിച്ചിരുന്നു.'- ഷുഹൈബ് കൂട്ടിച്ചേർത്തു.
'മറ്റ് ചാനലുകളുടെ വീഡിയോകളിൽ നിന്നുള്ള ചോദ്യങ്ങൾ നോക്കി അവയെക്കുറിച്ചും വീഡിയോ ചെയ്യാറുണ്ട്. ഡിസംബർ മുതലാണ് ചോർന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബർ മുതലാണ് ഞാൻ മറ്റു ചാനലുകളെ കോപ്പിയടിക്കാൻ തുടങ്ങിയത്. മറ്റുള്ള യൂട്യൂബ് ചാനലുകൾ ചോർത്തിയോ എന്ന സംശയം എനിക്കുമുണ്ട്.'- ഷുഹൈബ് പറഞ്ഞു.
'എൻ്റെ ഉപ്പക്കും ഉമ്മക്കും ഇപ്പോൾ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഞാൻ പേപ്പർ ചോർത്തിയെന്നാണല്ലോ പറയപ്പെടുന്നത്. എന്നെ പീഡിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. അന്വേഷണത്തിന്റെ റിസൾട്ട് എനിക്കറിയണമെന്നും'- ഷുഹൈബ് പറഞ്ഞു.
ഇന്ന് നടന്ന പത്താം ക്ലാസ് കെമിസ്ട്രി ചോദ്യപേപ്പർ ചോർന്നെന്ന ആരോപണവുമായി KSU നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്നലെ എംഎസ് സൊലൂഷ്യൻ്റെ ലൈവിൽ പരാമർശിച്ച ചോദ്യങ്ങൾ ഇന്നത്തെ പരീക്ഷയിൽ വന്നു. ആഭ്യന്തര വകുപ്പിനെ എംഎസ് സൊലൂഷ്യൻസിൻ്റെ ഉടമ സ്വാധീനിച്ചെന്നും KSU ആരോപിച്ചു. 'അന്വേഷണം നടക്കവേ വീണ്ടും ചോദ്യങ്ങളുമായെത്തുന്നു. ഇത് വെല്ലുവിളിക്കുന്ന രീതിയിലുള്ള സമീപനമാണെ'ന്നുമായിരുന്നു കെഎസ് യുവിൻ്റെ ആരോപണം.
ചോദ്യപേപ്പർ ചോർച്ചാ ആരോപണത്തിന് പിന്നാലെ സംപ്രേഷണം നിർത്തിയ എംഎസ് സൊലൂഷൻസ് ഇന്നലെ സംപ്രേഷണം പുനരാരംഭിച്ചിരുന്നു. ഇന്നത്തെ എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയുടെ സാധ്യതാ ചോദ്യങ്ങളും ചാനൽ പങ്കുവെച്ചു. പുതിയ രണ്ട് യൂട്യൂബ് ചാനലുകൾ കൂടി തുടങ്ങിയതായും എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബ് പറഞ്ഞിരുന്നു. രണ്ട് മണിക്കൂറിലധികം നീളുന്ന ലൈവായിരുന്നു എംഎസ് സൊലൂഷ്യൻ്റേത്.