എം.ടി: ലോക സാഹിത്യത്തെ മലയാളികളിലേക്കെത്തിച്ച വായനക്കാരൻ
ലോകത്തെ മികച്ച പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിക്കുന്നത് പതിവാക്കിയ വ്യക്തിയായിരുന്നു എംടി.
മലയാളിയുടെ വായനാ ചക്രവാളത്തെ ലോകസാഹിത്യത്തിലേക്ക് വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ് എം.ടി. ലോകത്തെവിടെയും പുതിയ നല്ല പുസ്തകങ്ങളിറങ്ങിയാൽ അത് എംടിയുടെ കൈയിലെത്തുമായിരുന്നു. നിരവധി പ്രധാന ലോക രചനകൾ മലയാളിക്ക് പരിചയപ്പെടുത്തിയത് എംടിയാണ്.
''എഴുത്തുകാരന്റെ വായന, വായനക്കാരൻ മാത്രമായ ഒരാളുടെ വായനയിൽ നിന്ന് ഗുണപരമായി വ്യത്യസ്തമായിരിക്കും'' എംടി തന്നെ പറഞ്ഞതാണിത്. കഥ, നോവൽ, തിരക്കഥ ഇവയിലെല്ലാം ആഘോഷിക്കപ്പട്ട പോലെ എംടിയുടെ വായനക്കാരൻ എന്ന മുഖം അത്രമേൽ ചർച്ചയാകാറില്ല. ലോകത്തെ മികച്ച പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിക്കുന്നത് പതിവാക്കിയ വ്യക്തിയായിരുന്നു എംടി. വായിക്കുക മാത്രമല്ല അവയെക്കുറിച്ച് ഏറ്റവും ഭംഗിയായി മലയാളത്തിനു പറഞ്ഞു തന്നു എന്നാണ് എംടി മലയാളത്തിനു നൽകിയ വലിയ സംഭാവന.
ഒരു അമേരിക്കൻ യാത്രയ്ക്കുശേഷം എം.ടിയാണ് ഗബ്രിയേൽ മാർക്കേസ് എന്ന വിഖ്യാത എഴുത്തുകാരനെ മലയാളിക്കു പരിചയപ്പെടുത്തുന്നുന്നത്. 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' എന്ന ഇതിഹാസ കൃതി മലയാളത്തിന്റെ സ്വന്തം കൃതിപോലെ ആഘോഷിക്കപ്പെട്ടു.
ലോകം കീഴടക്കിയ കാർലോയ് ലൂയിസ് സാഫോൺ എന്ന എഴുത്തുകാരനെ പരിചയപ്പെടുത്തുന്നതും എം. ടി തന്നെയാണ്. 15 ദശലക്ഷം കോപ്പികൾ വിറ്റ 'ദി ഷാഡോ ഓഫ് ദ വിൻഡ്' എന്ന നൂറ്റാണ്ടിന്റെ അത്ഭുതം എന്നു വിശേഷിക്കപ്പെട്ട പുസ്തകത്തെ പറ്റി എം.ടി പറഞ്ഞത് ഈ പുസ്തകം വായിക്കുമ്പോൾ ജീവചൈതന്യമുള്ള വസ്തുവായി മാറും എന്നായിരുന്നു. ഏതാനും വർഷങ്ങൾക്കകം കാറ്റിന്റെ നിഴലായി പുസ്തകം മലയാളത്തിലുമെത്തി.
ഇങ്ങനെ നിരവധി നിരവധി പുസ്തകങ്ങൾ. ഇനിയുമേറെ കൃതികൾ മലയാളം അറിയാനുണ്ടായിരുന്നു. അപ്പോഴേക്കും എം.ടിയെന്ന വായനക്കാരൻ കണ്ണടച്ചിരിക്കുന്നു. പക്ഷേ എം.ടി പകർന്ന വായനാസംസ്കാരം മലയാളി കൈവിടില്ല.