സാമൂഹികാരോഗ്യ കേന്ദ്രത്തിന് രാഹുൽഗാന്ധിയുടെ എംപി ഫണ്ട് വേണ്ടെന്ന് മുക്കം നഗരസഭ
ഫണ്ട് അനുവദിച്ച് ഒരുമാസത്തിന് ശേഷം ചേർന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി എം പി ഫണ്ട് കെട്ടിട നിർമാണത്തിന് വേണ്ടെന്നും അത് മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്നും തീരുമാനമെടുത്തത് വിവാദമായിരുന്നു
മുക്കം: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമാണത്തിന് രാഹുൽഗാന്ധിയുടെ എംപി ഫണ്ട് വേണ്ടെന്ന് മുക്കം നഗരസഭ. 40 ലക്ഷം രൂപയുടെ ഫണ്ട് ഈ വർഷം ചെലവഴിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭ തുക വാങ്ങാതിരുന്നത്. ഫണ്ട് തത്ക്കാലം കാൻസൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്കും ജില്ലാ പ്ലാനിങ് ഓഫീസർക്കും നഗരസഭ സെക്രട്ടറി കത്തയച്ചു.
മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ 2019 -20 വർഷത്തെ രാഹുൽ ഗാന്ധി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. സി.എച്ച്.സിയുടെ മാസ്റ്റർ പ്ലാൻ തയാറായി കൊണ്ടിരിക്കുന്നതിനാൽ എം.പി ഫണ്ടിൽ നിന്നും അനുവദിച്ച തുക തനത് വർഷം ചിലവഴിക്കാൻ സാധിക്കുകയില്ലെന്നാണ് കലക്ടർക്കും ജില്ലാ പ്ലാനിങ് ഓഫീസർക്കും നൽകിയ കത്തിൽ സൂചിപ്പിക്കുന്നത്. നഗരസഭ സെക്രട്ടറിയുടെ കത്തിനെ തുടർന്ന ഫണ്ട് എന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടർ രാഹുൽഗാന്ധിക്ക് കത്ത് നൽകി. ആശുപത്രി നവീകരണത്തിനായി അനുവദിച്ച എം പി ഫണ്ട് വേണ്ടെന്ന് വെച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഫണ്ട് അനുവദിച്ച് ഒരുമാസത്തിന് ശേഷം ചേർന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി എം പി ഫണ്ട് കെട്ടിട നിർമാണത്തിന് വേണ്ടെന്നും അത് മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്നും തീരുമാനമെടുത്തത് വിവാദമായിരുന്നു. പിന്നീട് എം.പി ഫണ്ട് കേന്ദ്രസർക്കാർ പുനഃസ്ഥാപിച്ചപ്പോൾ 2021 ഓഗസ്റ്റ് 27ന് വീണ്ടും അതേ തുക തന്നെ അനുവദിക്കുകയായിരുന്നു. സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് തൊട്ടടുത്തുള്ള സഹകരണ ആശുപത്രിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നീക്കത്തിനു പിന്നിലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Mukkam Municipal Corporation rejects Rahul Gandhi's MP fund for community health center