മുല്ലപ്പെരിയാറില്‍ നിന്ന് വന്‍തോതില്‍ വെള്ളം തുറന്നുവിടുന്നു: വീടുകളില്‍ വെള്ളം കയറി, പെരിയാര്‍ തീരത്ത് കനത്ത ജാഗ്രത
ഒന്‍പത് ഷട്ടറുകൾ 120 സെന്‍റീമീറ്റർ വീതം ഉയർത്തി.
മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തമിഴ്നാട് വൻതോതിൽ വെള്ളം തുറന്നുവിടുന്നു. ഒന്‍പത് ഷട്ടറുകൾ 120 സെന്‍റീമീറ്റർ വീതം ഉയർത്തി. സെക്കൻഡിൽ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. 10 മണിയോടെ മൂന്ന് ഷട്ടറുകള്‍ അടച്ചു. പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. പെരിയാര്‍ തീരത്ത് കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്‍ വണ്ടിപ്പെരിയാറിലേക്ക് പുറപ്പെട്ടു.
ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് ഷട്ടറുകള്‍ തുറന്നത്. V1 മുതൽ V9 വരെയുള്ള ഷട്ടറുകളാണ് ഉയർത്തിയത്. ഉച്ചക്ക് പെയ്ത കനത്ത മഴയെ തുടർന്നാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചത്. രാത്രി എട്ട് മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയാണ്.
പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കൂടുതൽ ജലം തുറന്നുവിടുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ് മന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപ്പെരിയാറിലെത്തുന്നത്.