മുല്ലപ്പെരിയാർ; കോടതിയെ വെല്ലുവിളിച്ചിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കേരളത്തിന്റെ ആശങ്കയാണ് മുന്നോട്ട് വച്ചത്. തമിഴ്നാടുമായി ചർച്ച നടത്തി തന്നെ മുന്നോട്ട് പോകും
മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിയെ അവഗണിക്കുന്നത് ഒന്നും ഗവർണറുടെ നയ പ്രഖ്യാപനത്തിൽ ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
കോടതിയെ വെല്ലുവിളിച്ചിട്ടില്ല. തമിഴ്നാട്ടിലെ ജനങ്ങൾക്ക് ജലം ഉറപ്പ് വരുത്തിക്കൊണ്ടും കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കൂടി ഉറപ്പ് വരുത്തിക്കൊണ്ടും മുന്നോട്ട് പോകും. ആരെയും വെല്ലുവിളിക്കുന്നതല്ല നിലപാടുകളെന്ന് മന്ത്രി പറഞ്ഞു.
'തമിഴ്നാടുമായി ചർച്ച നടത്തി മാത്രമേ മുന്നോട്ട് പോകുകയുള്ളു. ജനുവരി 5നു തമിഴ്നാട് നിയമസഭയിൽ നടത്തിയ നയ പ്രഖ്യാപനത്തിൽ 152 അടിയാക്കുമെന്ന് ഉണ്ടായിരുന്നു. കേരളത്തിന്റെ ആശങ്കയാണ് മുന്നോട്ട് വച്ചത്. തമിഴ്നാടുമായി ചർച്ച നടത്തി തന്നെ മുന്നോട്ട് പോകും'- റോഷി അഗസ്റ്റിൽ മാധ്യമങ്ങളോട് പറഞ്ഞു.
കോടതിയെ അവഗണിക്കുന്ന ഒന്നും നയപ്രഖ്യാപനത്തിൽ ഇല്ല. ഉള്ളത് ജനങ്ങളോടുള്ള സർക്കാരിന്റെ കരുതൽ മാത്രം. ആരേയും വെല്ലുവിളിക്കുന്ന ഒന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ല. തർക്കം ഉണ്ടാകുന്ന സാഹചര്യം ഇവിടെയില്ല. തെറ്റിധാരണകൾ അവസാനിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.