മുല്ലപ്പെരിയാർ: ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടുതൽ ഉയർത്തി
അണക്കെട്ടിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിവിടുന്നു
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടുതൽ ഉയർത്തി. തുറന്നിരിക്കുന്ന 10 ഷട്ടറുകളിൽ മൂന്നെണ്ണമാണ് 50 സെന്റി മീറ്റർ കൂടി ഉയർത്തിയത്. അണക്കെട്ടിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിവിടുകയാണ്. നിലവിൽ 138.30 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വെള്ളിയാഴ്ചയായിരുന്നു ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നത്. ഡാമിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് എത്തിയ സാഹചര്യത്തിലായിരുന്നു ഷട്ടറുകൾ തുറന്നത്. ആദ്യം ഒരു ഷട്ടറായിരുന്നു തുറന്നത്. പിന്നീട് രണ്ട് ഷട്ടറുകൾ കൂടി തുറക്കുകയായിരുന്നു.
മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചിരുന്നു.