പതിമൂന്നാം നാൾ വീണ്ടും അവർ സ്വന്തം മണ്ണിലേക്കെത്തി; നെഞ്ചുപൊള്ളുന്ന ഓർമ്മകൾ മാത്രമാണിനിയുള്ളത്
സ്വന്തം കൺമുന്നിൽ വെച്ചാണ് ബന്ധക്കളെയും അയൽക്കാരെയും മരണം കൈപിടിച്ചു കൊണ്ടുപോയത്
കൽപ്പറ്റ: പതിമൂന്നാം നാൾ അവർ വീണ്ടും മുണ്ടക്കൈയിലും ചൂരൽമലയിലുമെത്തി. അർദ്ധരാത്രി ഒലിച്ചു വന്നൊരു ഉരുൾ എല്ലാം തകർത്തെറിഞ്ഞ സ്വന്തം മണ്ണിലേക്ക്. പ്രിയപ്പെട്ടതൊന്നും ബാക്കിയില്ല, എല്ലാം മണ്ണെടുത്ത് കഴിഞ്ഞു. മരണത്തെ മുഖാമുഖം കണ്ടവരാണ്. സ്വന്തം കൺമുന്നിൽ വെച്ചാണ് ബന്ധുജനങ്ങളെയും അയൽക്കാരെയും മരണം കൈപിടിച്ചു കൊണ്ടുപോയത്.
ജനകീയ തിരച്ചിലിനായി പുനരധിവാസ ക്യാമ്പുകളിൽ നിന്ന് ഇന്ന് ദുരന്ത ഭൂമിയിലെത്തിയത് വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ്.എന്നാൽ വന്നവർക്കൊക്കെയും നെഞ്ചു പൊള്ളുന്ന ഓർമ്മകൾ ഉണ്ട്. ബന്ധുക്കളുടെയും അയൽവാസികളുടെയും വിയോഗമാണ് അവരെ തളർത്തുന്നത്.
ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടവരാണെല്ലാവരും. പക്ഷേ ആ രാത്രി അവർക്ക് അത്രമേൽ ഭീതിതമായിരുന്നു. ഒരു നാട് മുഴുവൻ ഇല്ലാതാവുന്നതിന് ദൃക്സാക്ഷികൾ ആവേണ്ടി വന്ന മനുഷ്യർ. പ്രിയപ്പെട്ടവരാരും അവശേഷിക്കാത്ത ഈ മണ്ണിലേക്ക് ഇനി ഒരു തിരിച്ചുവരവിന് ആർക്കും താല്പര്യമില്ല. ഇനി ഇവർക്ക് മുന്നിൽ അതിജീവനത്തിന്റെ പുതുവഴിയാണ്,നെഞ്ച് പൊള്ളുന്ന ഓർമ്മകളാണ് അതിന് കരുത്ത് പകരുക.