'കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യം വച്ചുള്ള വിമർശനങ്ങൾ ചിലരുടെ സൃഷ്ടി'; പ്രതിരോധിച്ച് ലീഗ് നേതൃത്വം
"ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ല. തമിഴ്‌നാട്ടിൽ രണ്ടു പ്രാവശ്യം പ്രതിപക്ഷത്തിരുന്ന ശേഷമാണ് ഡിഎംകെ ഇപ്പോൾ ഭരണത്തിലെത്തിയത്"
സമൂഹമാധ്യമങ്ങളിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതിരോധവുമായി ലീഗ് നേതൃത്വം. കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യം വച്ച് ആസൂത്രിതമായ വിമർശനങ്ങളാണ് നടക്കുന്നത് എന്ന് ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ലീഗിന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗ ശേഷം മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വിമർശനങ്ങൾ ചിലരുടെ സൃഷ്ടിയാണ്. പാർട്ടി വിപരീത സാഹചര്യത്തിൽ നേടിയെടുത്ത വിജയത്തിന്റെ പ്രസരിപ്പ് തടയുന്നതിന് വേണ്ടിയുള്ള ആസൂത്രിതമായ നീക്കമാണിത്' - മാധ്യമങ്ങളുടെ ചോദ്യത്തിന് ബഷീർ മറുപടി നൽകി.
പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തെ കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു. ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ല. തമിഴ്‌നാട്ടിൽ രണ്ടു പ്രാവശ്യം പ്രതിപക്ഷത്തിരുന്ന ശേഷമാണ് ഡിഎംകെ ഇപ്പോൾ ഭരണത്തിലെത്തിയത്. രാഷ്ട്രീയത്തിൽ അങ്ങനെയൊക്കെ സംഭവിക്കാം. യുഡിഎഫ് വളരെ ശക്തമായി തിരിച്ചുവരും- നേതാക്കൾ കൂട്ടിച്ചേർത്തു.
മുസ്‌ലിംലീഗ് പാർലമെന്ററി പാർട്ടി ഭാരവാഹികളെയും ഉന്നതാധികാര സമിതി യോഗം തെരഞ്ഞെടുത്തു. പികെ കുഞ്ഞാലിക്കുട്ടിയാണ് പാർലമെന്ററി പാർട്ടി ലീഡർ. ഡോ. എംകെ മുനീർ ഡപ്യൂട്ടി ലീഡർ. സെക്രട്ടറി കെപിഎ മജീദ്, വിപ്പ് പികെ ബഷീർ, ട്രഷറർ എൻഎ നെല്ലിക്കുന്ന്. സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.