'ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളത് മുസ്‍ലിംകൾക്ക്'; വിദ്വേഷ പരാമർശവുമായി സിപിഎം മൂവാറ്റുപുഴ ഏരിയാകമ്മിറ്റിയംഗം
എന്ത് തെറ്റ് ചെയ്താലും 5 നേരം പള്ളിയിൽ പ്രാർഥിച്ചാൽ മതിയെന്നും ഫേസ്ബുക്ക് കമന്‍റ്
കൊച്ചി: ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളത് മുസ്‍ലിംകൾക്കെന്ന വിദ്വേഷ പരാമർശവുമായി സിപിഎം ഏരിയാകമ്മിറ്റിയംഗം. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം.ജെ ഫ്രാൻസിസ് ആണ് ഫേസ്ബുക്ക് കമന്റിൽ വിദ്വേഷ പരാമർശം നടത്തിയത്.കെ. ടി ജലീലിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോക്ക് കീഴിലാണ് എം. ജെ ഫ്രാന്‍സിസിന്റെ കമന്‍റ്.
നോമ്പെടുത്താൽ ഒരു വർഷം പ്ലാൻ ചെയ്ത കുറ്റങ്ങൾക്ക് പരിഹാരമായെന്നാണ് ചിലർ കരുതുന്നതെന്നും കമന്റിൽ ആരോപണം. 'ഈ സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവം ഉള്ളത് മുസ്‍ലിംകൾക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും പള്ളിയിൽപോയി അഞ്ചുനേരം പ്രാർഥിച്ചാൽ മതി.അതുപോലെ എല്ലാവർഷവും നോമ്പ് നോറ്റ് പകൽ മുഴുവൻ ഉമിനീര് രാത്രി നല്ല ഭക്ഷണം കഴിച്ച് ഉറങ്ങിയാൽ ഒരു വർഷക്കാലം പ്ലാൻ ചെയ്ത കുറ്റങ്ങള്‍ക്ക് പോരായ്മകളും പരിഹാരങ്ങളും ഉണ്ടാകും എന്നാണ് മതപുരോഹിതന്മാർ പഠിപ്പിക്കുന്നത്' എന്നും കമന്റിൽ പറയുന്നു. വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്തു.
അതേസമയം, ഫ്രാൻസിസിന്റേത് സിപിഎം നിലപാടല്ലെന്ന് മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അഡ്വ.അനിഷ് മാത്യു വ്യക്തമാക്കി.