മുട്ടിൽ മരം മുറിക്കേസ്: റിപ്പോർട്ടർ ടി.വിക്കെതിരെ ഇ.ഡി അന്വേഷണം
ചാനൽ മേധാവിമാര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അന്വേഷണം നടക്കുന്നതായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: മുട്ടിൽ മരം മുറി കേസിൽ റിപ്പോർട്ടർ ടി.വിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ഉടമകൾ കള്ളപ്പണം വെളിപ്പിച്ചെന്നോയെന്നാണ് അന്വേഷിക്കുന്നത്. ചാനൽ ഓഹരി കൈമാറ്റത്തിൽ കമ്പനിയോട് വിശദീകരണം തേടിയെന്നും കേന്ദ്രസർക്കാർ കെ.സുധാകരൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകി.
ചാനൽ മേധാവിമാര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അന്വേഷണം നടക്കുന്നതായി കേന്ദ്രമന്ത്രി റാവു ഇന്ദർജിത്ത് സിംഗ് പറഞ്ഞത്. കെ സുധാകരൻ എംപിയുടെ ചോദ്യങ്ങൾക്ക് ആണ് മന്ത്രി മറുപടി നൽകിയത്. ചാനൽ ഉടമസ്ഥത കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ കമ്പനി അധികൃതരിൽ നിന്നും രജിസ്ട്രാർ ഓഫ് കമ്പനീസ് തേടി. കമ്പനിയുടെ ടെലികാസ്റ്റിംഗ് ലൈസൻസ് കൈമാറ്റം സംബന്ധിച്ച് അവ്യക്തത ഉണ്ടെന്ന് കേന്ദ്രം അറിയിച്ചു. ജീവനക്കാരുടെ ശമ്പളാനുകൂല്യങ്ങൾ സംബന്ധിച്ച പരാതിയിൽ കമ്പനി കുടിശ്ശിക വരുത്തിയതായി കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചു.
ശമ്പള വിതരണത്തിൽ വീഴ്ചവരുത്തിയ മുന്‍ എം.ഡി നികേഷ് കുമാറിനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും കേന്ദ്രം അറിയിച്ചു. കെ.സുധാകരന്റെ നക്ഷത്രചിഹ്നമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രലായങ്ങള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.