മുട്ടിൽ മരംമുറി: വനംവകുപ്പ് പ്രതികൾക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചെന്ന് മുൻ ഗവൺമെന്റ് പ്ലീഡർ
നിയമപ്രകാരം ഒരു വർഷത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കേസുകൾ സ്വയം ദുർബലമാവും. രണ്ടുവർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഇനി സമർപ്പിച്ചാലും കോടതിയിൽ നിലനിൽക്കില്ലെന്നും അഡ്വ. ജോസഫ് മാത്യു ചൂണ്ടിക്കാട്ടി.
വയനാട്: മുട്ടിൽ മരംമുറിക്കേസിൽ വനംവകുപ്പ് പ്രതികൾക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചെന്ന ആരോപണവുമായി മുൻ ഗവ. പ്ലീഡർ ജോസഫ് മാത്യു. കുറ്റപത്രം നൽകാൻ രണ്ടുവർഷമായി വൈകിപ്പിക്കുന്നത് പ്രതികളെ സഹായിക്കുന്നതിന് തുല്യമാണ്. വനംവകുപ്പിന്റെ കുറ്റപത്രം വൈകുന്നത് മറ്റുകേസുകളെ ബാധിക്കുമെന്നും ജോസഫ് മാത്യു മീഡിയവണിനോട് പറഞ്ഞു.
വനം വകുപ്പ് നിയമപ്രകാരം ഇത് ആറുമാസം തടവും 500 രൂപ പിഴയും ലഭിക്കാവുന്ന നിസ്സാര കുറ്റങ്ങളാണെന്നും കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ സഹായിക്കുകയാണ് വനംവകുപ്പ് ചെയ്യുന്നതെന്നുമായിരുന്നു മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞത്. മുട്ടിൽ മരംമുറിയിൽ രണ്ടു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ കുറിച്ചായിരുന്നു വനംവകുപ്പ് മന്ത്രിയുടെ ഈ പ്രതികരണം. എന്നാൽ ഈ വാദങ്ങളെ പൂർണമായും തള്ളിക്കളയുകയാണ് മരംമുറി കാലത്ത് ഗവൺമെൻറ് പ്ലീഡറായിരുന്ന അഡ്വ. ജോസഫ് മാത്യു.
നിയമപ്രകാരം ഒരു വർഷത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കേസുകൾ സ്വയം ദുർബലമാവും. രണ്ടുവർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഇനി സമർപ്പിച്ചാലും കോടതിയിൽ നിലനിൽക്കില്ലെന്നും അഡ്വ. ജോസഫ് മാത്യു ചൂണ്ടിക്കാട്ടി. ഒരു സർക്കാർ ഉത്തരവിനെ മറയാക്കിയാണ് മുട്ടിലിലടക്കം വ്യാപക മരംമുറി നടന്നത്. ഇപ്പോൾ അത് സംബന്ധിച്ചെടുത്ത കേസിൽ കുറ്റപത്രം വൈകിപ്പിക്കുന്നതിലൂടെ വീണ്ടും സർക്കാർ പ്രതികൾക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നുവെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.