‘മുകേഷ് രാജിവെക്കേണ്ട, സിനിമാ നയരൂപവത്കരണ സമിതിയില്‍നിന്ന് ഒഴിവാക്കും': എം.വി ഗോവിന്ദൻ
ഇ.പിയെ മാറ്റാൻ കാരണം ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയെന്ന് എം. വി ഗോവിന്ദൻ
തിരുവനന്തപുരം: ആരോപണത്തിൽ മുകേഷ് എംഎൽഎ രാജിവെക്കേണ്ടതില്ലെന്നും അതേസമയം സിനിമ സമിതിയിൽനിന്ന് ഒഴിവാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ തുടർച്ചയായി നിയമനിർമ്മാണം സർക്കാരിന്റെ പരിഗണനയിലാണെന്നും ഇന്ത്യയിലാദ്യമായാണ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ സർക്കാർ ആരെയും സംരക്ഷിക്കില്ല. കേസ് അന്വേഷണത്തിൽ എംഎൽഎ എന്ന നിലയിൽ യാതൊരു ആനുകൂല്യവും നൽകില്ല. നീതി എല്ലാവർക്കും ലഭ്യമാകണം. ഏത് ഉന്നതനായാലും ഇതാണ് പാർട്ടി നിലപാട്. കുറ്റകൃത്യം തെളിഞ്ഞാൽ ആവശ്യമായ നിലപാട് സ്വീകരിക്കും. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള മുറവിളി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരുമായി ചർച്ച ചെയ്ത് കോൺക്ലേവ് സംഘടിപ്പിക്കും. നിയമനിർമ്മാണത്തിന്റെ കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരമർശങ്ങളുള്ളതിനാൽ റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ ആവശ്യപ്പെട്ടിരുന്നു. 2020 ഫെബ്രുവരി 19 ന് ഇക്കാര്യം ആവശ്യപ്പെട്ട് ഹേമ കത്ത് നൽകിയിരുന്നു. അന്നത്തെ സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് അവർ കത്ത് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരാവകാശ കമ്മിഷൻ അത് പുറത്തുവിടേണ്ടില്ലെന്ന് പറഞ്ഞത്.
കോൺക്ലേവിനെതിരെ ചിലർ നിലപാടെടുത്തു. എന്നാൽ സിനിമാ കോൺക്ലേവ് നടത്തും. ഇക്കാര്യത്തിൽ എല്ലാവരുമായും ചർച്ച നടത്തും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായി ഉള്ളതും ഇല്ലാത്തതുമായ പരാതികൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നുണ്ട്. ഇപ്രകാരം 11 എണ്ണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നില്ല. ഭരണപക്ഷ എംഎൽഎക്കെതിരായ പരാതിയിലും കേസെടുത്ത് മുന്നോട്ട് പോകുന്ന സർക്കാരാണിത്. രാജ്യത്തിന് തന്നെ മാതൃകയായ സമീപനമാണ് കേരള സർക്കാരിന്റേത്.
മുകേഷിന്റെ രാജിക്കായി വലിയ രീതിയിൽ ക്യാമ്പയിൻ നടക്കുന്നുണ്ട്. ഇതിൽ പാർട്ടി വിശദ പരിശോധന നടത്തി. രാജ്യത്ത് 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. അവരാരും എം.പി സ്ഥാനമോ എംഎൽഎ സ്ഥാനമോ രാജിവെച്ചിട്ടില്ല. കേരളത്തിൽ രണ്ട് എംഎൽഎമാർക്കെതിരെ കേസുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി നമുക്കറിയാം. കേരളത്തിലെ വിവിധ കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉയർന്നപ്പോഴും അവരാരും രാജിവെച്ചിട്ടില്ല. കുറ്റം ആരോപിക്കപ്പെട്ടയാൾ നിയമസഭാ സാമാജികത്വം രാജിവെച്ചാൽ പിന്നീട് നിരപരാധിയെന്ന് തെളിയിക്കപ്പെടുന്ന സാഹചര്യത്തിൽ തിരിച്ചെടുക്കാനുള്ള നിയമ സാഹചര്യം ഇല്ല. കുഞ്ഞാലിക്കുട്ടി പ്രതിയായപ്പോൾ മന്ത്രിസ്ഥാനം ആണ് രാജിവെച്ചത്.
അതേസമയം ഇ.പി ജയരാജനെ പാർട്ടി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കാരണം ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കൺവീനർ എന്ന രീതിയിൽ പ്രവർത്തിക്കുന്നതിൽ പരിമിതിയുണ്ടായിരുന്നുവെന്നും ടി.പി രാമകൃഷ്ണൻ പകരം ചുമതല വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശശിക്കെതിരായ നടപടി പാർട്ടി അംഗീകരിച്ചുവെന്നും മണ്ണാർക്കാട് ഏരിയ കമ്മിറ്റി പുനസംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അൻവർ എംഎൽഎയുടെ വിഷയത്തിൽ ആവശ്യമായ പരിശോധന നടത്തി വേണ്ട നിലപാട് സ്വീകരിക്കുമെന്നും പാർട്ടിക്ക് മുകളിൽ ആരും വളരില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പൊലീസിനെ വിമർശിക്കാൻ പാടില്ലെന്ന് ആരും പറയുന്നില്ല, എന്നാൽ എല്ലാം ആവശ്യത്തിനേ ആകാവൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും ഗോവിന്ദൻ വിമർശിച്ചു. സതീശനെതിരെ ഒരു സ്ത്രീ തന്നെ ആരോപണം ഉന്നയിച്ചിരുന്നുവെന്നും സിനിമയെപ്പോലെ കോൺഗ്രസിലും പവർ ഗ്രൂപ്പ് ഉണ്ടെന്നാണ് വനിത നേതാവ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.