'നല്ല വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കണം': കൃഷ്ണദാസിന്‍റെ പ്രസ്താവനയെ തള്ളി എം.വി ഗോവിന്ദന്‍

വിമർശനങ്ങൾക്ക് നല്ല പദമാണ് ഉപയോഗിക്കേണ്ടതെന്ന് എ. വിജയരാഘവൻ

Update: 2024-10-26 05:00 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തൃശൂർ: നല്ല വിമർശനത്തിന് നല്ല ഭാഷ പ്രയോഗിക്കുന്നതാണ് നല്ലതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നല്ല വിമർശനത്തിന് നല്ല പദം ഉപയോഗിക്കുന്നതാണ് നല്ലത്. ശക്തമായ വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കണമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് കിട്ടുന്ന പദപ്രയോഗങ്ങളാണിവയെന്നും മാധ്യമങ്ങളോട് ഗോവിന്ദൻ പറഞ്ഞു. അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യക്കെതിരെ നടപടിയെടുക്കേണ്ടത് കണ്ണൂരിലെ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

വിമർശനങ്ങൾക്ക് നല്ല പദമാണ് ഉപയോഗിക്കേണ്ടതെന്ന് സിപിഎം നേതാവും പിബി അംഗവുമായ എ. വിജയരാഘവൻ പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തെ ഞങ്ങളാരും നിഷേധിക്കുന്നില്ല. തെറ്റായ കാര്യങ്ങൾ പറയുമ്പോൾ സ്വാഭാവികമായും തിരിച്ചു പറയുമെന്നും വിജയരാഘവൻ പ്രതികരിച്ചു.അതേസമയം എൻ.എൻ കൃഷ്ണദാസിന്റെ പരാമർശത്തെ ന്യായീകരിച്ച് എ.കെ ബാലന്‍ രം​ഗത്ത് വന്നു. നിരന്തരമായി മാധ്യമങ്ങൾ ഇടതു പക്ഷത്തെ കുറ്റം പറയുന്നു‌ണ്ടെന്നും അതിൽ പ്രകോപിതനായാണ് അദ്ദേഹം പ്രതികരിച്ചതെന്നും അദ്ദേഹത്തിന്റെ ശൈലിയായി അതിനെ കണ്ടാൽ മതിയെന്നുമായിരുന്നു എ.കെ ബാലന്റെ പ്രതികരണം.

എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് എൻ.എൻ. കൃഷ്ണദാസ് മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചത്. പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂറിനൊപ്പം വേദിയിലെത്തിയ കൃഷ്ണദാസ് 'ഇറച്ചിക്കടയിൽ കാത്തുനിൽക്കുന്ന പട്ടികളെപ്പോലെയാണ്' മാധ്യമപ്രവർത്തകരെന്ന് ആക്ഷേപിക്കുകയായിരുന്നു. മാധ്യമപ്രവർത്തകർ അബ്ദുൽ ഷുക്കൂറിന്‍റെ പ്രതികരണം തേടിയപ്പോഴായിരുന്നു സംഭവം. അതേസമയം പരാമർശം ബോധപൂർവ്വമാണെന്നായിരുന്നു എൻ.എൻ കൃഷ്ണദാസിന്റെ പ്രതികരണം. അത് സിപിഎം നിലപാട് അല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും കൃഷ്ണദാസ് മീഡിയവണ്ണിനോട് പറഞ്ഞിരുന്നു. 

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News