ആകാശ് തില്ലങ്കേരി വിവാദം: ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുതെന്ന് മാധ്യമപ്രവർത്തകരോട് എം.വി ഗോവിന്ദൻ
ഒരു പോയന്‍റുമില്ലാത്തതിനാലാണ് ഇത്തരം ചോദ്യം ചോദിക്കുന്നതെന്നും ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
തിരുവനന്തപുരം: ആകാശ് തില്ലങ്കേരി വിവാദത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അമർഷം പ്രകടിപ്പിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരു പോയന്‍റുമില്ലാത്തതിനാലാണ് ഇത്തരം ചോദ്യം ചോദിക്കുന്നതെന്നും ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഞങ്ങള്‍ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ. ഇമ്മാതിരിയുള്ള ഒരു ക്രിമിനലിനെയും സംരക്ഷിക്കുകയോ നിലനിര്‍ത്താന്‍ അനുവദിക്കുന്ന സമീപനം സി.പി.എമ്മിനില്ല. പാര്‍ട്ടിക്ക് വളരെ വ്യക്തമായ നിലപാടുണ്ട്, ശരിയായ നിലപാടല്ലാതെ ഒരു നിലപാടും ഞങ്ങള്‍ അംഗീകരിക്കില്ല. സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും യശസ്സ് നശിപ്പിക്കാന്‍ ശ്രമിക്കുന്ന ആരുമായിട്ടും ഈ പാര്‍ട്ടിക്ക് ബന്ധമുണ്ടാകില്ല. ജനങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത്, ആ ആഗ്രഹത്തിന് ഒപ്പമാണ് ഈ പാര്‍ട്ടി. അതിനു വിരുദ്ധമായ ഒന്നും ഞങ്ങള്‍ അംഗീകരിക്കില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. വീണ്ടും തില്ലങ്കേരിയെക്കുറിച്ച് വീണ്ടും ചോദ്യമുയര്‍ന്നപ്പോള്‍ തില്ലങ്കേരിയെക്കുറിച്ച ചോദ്യം തീർന്നു, ഇനി വേറെ ചോദ്യം ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെരിയ കൊലപാതകത്തില്‍ സി.പി.എമ്മിന് ഒരു ബന്ധവുമില്ല. പക്ഷെ അതിന്‍റെ ഭാഗമായിട്ട് പ്രതി ചേര്‍ക്കപ്പെട്ട നിരവധി പ്രവര്‍ത്തകര്‍ പിന്നീട് സി.പി.എമ്മിന്‍റെ പ്രധാനപ്പെട്ട പ്രവര്‍ത്തകരായി മാറി. അങ്ങനെ മാറിയപ്പോള്‍ അവരെ സഹായിക്കുക എന്നത് പാര്‍ട്ടിയുടെ ബാധ്യതയാണല്ലോ?നിരപരാധികളായ പ്രവർത്തകരെ പ്രതി ചേർത്താൽ പാര്‍ട്ടി സംരക്ഷിക്കുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.