വേഷം മാറിയ ഗുണ്ടകളാണ് വന്നത്,സമരമല്ല നടന്നത് ഗുണ്ടായിസം -എം.വി. ജയരാജൻ
ഒരു കാറിൽ അഞ്ച് ഗുണ്ടകൾ വന്ന് അക്രമം നടത്തുന്നതിനെ സമരമെന്ന് പറയാൻ പറ്റില്ല. അത് ഗുണ്ടായിസമാണ്. ആ ഗുണ്ടായിസമാണ് അവസാനിപ്പിക്കേണ്ടത്
സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തുകയും റിജിൽ മാക്കുറ്റിക്ക് മർദനമേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സിപി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സമരമല്ല ഗുണ്ടായിസമാണ് നടന്നതെന്നും വേഷം മാറി വന്ന ഗുണ്ടകളുടെ ലക്ഷ്യം മന്ത്രിയടക്കമുള്ളവരെ മർദിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
'അവിടെ നടത്തിയത് സമരമല്ല ഗുണ്ടായിസമാണ്. വന്നത് ഗുണ്ടകളാണ്. പരിപാടിക്ക് മുമ്പിൽ പ്രതിഷേധം നടത്തുന്നത് മനസ്സിലാക്കാം. കല്ല് പിഴുതു മാറ്റുമെന്ന് പ്രഖ്യാപിച്ച നേതാവിന്റെ ഗുണ്ടാ സംഘം ഹാളിന്റെ അകത്ത് കയറി വേദിയിലേക്ക് ഇരച്ചുകയറാനാണ് വന്നത്. ഒരു കാറിൽ അഞ്ച് ഗുണ്ടകൾ വന്ന് അക്രമം നടത്തുന്നതിനെ സമരമെന്ന് പറയാൻ പറ്റില്ല. അത് ഗുണ്ടായിസമാണ്. ആ ഗുണ്ടായിസമാണ് അവസാനിപ്പിക്കേണ്ടത്.'
'ഭൂവുടമകൾ അടക്കം പങ്കെടുക്കുന്ന സമരമാണെങ്കിൽ ജനങ്ങൾക്ക് മനസ്സിലാകും. അതല്ല അവിടെ നടത്തിയത് എന്നതാണ് സത്യം.''വേഷം മാറി വന്ന ഗുണ്ടകളെ തിരിച്ചറിയുന്നതിൽ പൊലീസ് ജാഗ്രത പാലിക്കേണ്ടതായിരുന്നു. മന്ത്രിയടക്കമുള്ള മർദിക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്നത് -എം.വി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.'
കണ്ണൂരിൽ നടന്ന സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിലാണ് സംഭവം ഉണ്ടായത്. ദിനേശ് ഓഡിറ്റോറിയത്തിലെ ഹാളിലേക്ക് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധിച്ചെത്തുകയായിരുന്നു.ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കൾ പൊലീസിനൊപ്പം ചേർന്ന് മർദിച്ചെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.