നമ്പർ പ്ലേറ്റില്ലാത്ത രൂപമാറ്റം വരുത്തിയ വാഹനം പിടിച്ചെടുത്ത് എം.വി.ഡി; വാഹനം വിട്ടുനൽകണമെന്ന് ഭീഷണി
ഫൈനടക്കമുള്ള മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് എം.വി.ഡി ഉദ്യോഗസ്ഥർ അറിയിച്ചു.
കൊല്ലം: കൊല്ലത്ത് നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിയ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു. കാർ കസ്റ്റഡിയിൽ എടുത്തതിന്റെ പേരിൽ ഒരു സംഘം ആളുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. പത്തനാപുരം പൊലീസ് സ്റ്റേഷനിൽ വെച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
കഴിഞ്ഞ ദിവസം കൊല്ലം മേവരത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നതിനിടയിൽ പിങ്ക് നിറത്തിലുള്ള ഈ വാഹനം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് മറ്റ് ആർ.ടി.ഓകൾക്ക് ഈ വാഹനത്തെപ്പറ്റിയുള്ള നിർദേശം നൽകി.
ഇന്ന് പത്താനാപുരം പുനലൂർ റൂട്ടിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നതിനിടെ കടന്നുപോയ വാഹനത്തെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിയുടെ പേരിലുള്ള വാഹനം കൊല്ലം സ്വദേശിക്ക് വിറ്റെന്നും എന്നാൽ ഇതുവരെ പേരുമാറ്റലോ മറ്റ് നടപടികളോ നടത്തിയിട്ടില്ലെന്നുമാണ് മോട്ടോർ വാഹന വകുപ്പിൽ നിന്ന് ലഭിച്ച വിവരം. നിരവധി മാറ്റങ്ങൾ വണ്ടിയിൽ വരുത്തിയതിനാൽ ഫൈനടക്കമുള്ള മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് എം.വി.ഡി ഉദ്യോഗസ്ഥർ അറിയിച്ചു.