ബ്രഹ്മപുരം വിഷയത്തിലെ എൻ. വേണുഗോപാലിന്‍റെ പ്രസ്താവന പാർട്ടി പരിശോധിക്കും; പ്രതിപക്ഷ നേതാവ്
താൻ മുമ്പ് സംസാരിച്ചപ്പോൾ വേണുഗോപാൽ ഇതൊന്നും പറഞ്ഞിരുന്നില്ലെന്നും ഈ വിഷയം പാർട്ടിയെ അറിയിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു
കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ എൻ. വേണുഗോപാലിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സി.പി.എമ്മിനെ സഹായിക്കുന്ന പ്രസ്താവന വേണുഗോപാൽ നടത്തിയെന്നും അത് പാർട്ടി പരിശോധിക്കും എന്നും സതീശൻ പറഞ്ഞു. അതിനായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മീഡിയവൺ എഡിറ്റോറിയലിൽ ആണ് സതീശൻ്റെ പ്രതികരണം.
താൻ മുമ്പ് സംസാരിച്ചപ്പോൾ വേണുഗോപാൽ ഇതൊന്നും പറഞ്ഞിരുന്നില്ലെന്നും ഇത്തരം വിഷയങ്ങള്‍ പാർട്ടിയെ അറിയിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു. ബ്രഹ്മപുരത്ത് മാലിന്യം കുന്നുകൂടാൻ കാരണം ടോണി ചമ്മിണിയുടെ കാലത്ത് കരാർ നൽകിയ ജിജെ എക്കോ പവർ കമ്പനിയുടെ പ്രവർത്തനം മൂലമാണെന്ന് വേണുഗോപാൽ ആരോപിച്ചിരുന്നു. സോണ്ട കമ്പനിക്ക് മുൻപ് കരാർ നൽകിയിരുന്ന ജിജെ എക്കോ പവർ കമ്പനിയുമായി ബന്ധപ്പെട്ട് ടോണി ചെമ്മണിക്കെതിരെ ബന്ധുനിയമനം അടക്കമുള്ള ആരോപണങ്ങള്‍ സി.പി.എം ഉന്നയിച്ചിരുന്നു. ഇതിനെ പിന്തുണക്കുന്ന നിലയിലായിരുന്നു എൻ. വേണുഗോപാലിന്‍റെ പ്രതികരണം.