അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം; സെക്രട്ടറിയേറ്റ് മുൻ ഉദ്യോഗസ്ഥന് വിരമിച്ച ശേഷം ഐ.എച്ച്.ആർ.ഡിയിൽ നിയമനം
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരമാണ് സി.പി.എം സൈബർ ഇടങ്ങളിൽ സജീവ സാന്നിധ്യമായ നന്ദകുമാറിന് നിയമനം നൽകിയതെന്നാണ് സൂചന.
തിരുവനന്തപുരം: അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയതായി പരാതി നേരിടുന്ന മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ കെ. നന്ദകുമാർ ഐ.എച്ച്.ആർ.ഡിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണെന്ന് രേഖകൾ. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം ഒരു മാസം മുമ്പാണ് നന്ദകുമാറിന് ഐ.എച്ച്.ആർ.ഡിയിൽ നിയമനം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരമാണ് സി.പി.എം സൈബർ ഇടങ്ങളിൽ സജീവ സാന്നിധ്യമായ നന്ദകുമാറിന് നിയമനം നൽകിയതെന്നാണ് സൂചന.
അച്ചു ഉമ്മൻ പരാതി നൽകിയതിന് പിന്നാലെ മാപ്പ് പറഞ്ഞ നന്ദകുമാർ ഫേസ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. സർവീസ് ചട്ട പ്രകാരവും സോഷ്യൽ മീഡിയ വഴി അധിക്ഷേപം നടത്തുന്നത് തെറ്റാണ്. ഇതിനിടയിൽ അച്ചു ഉമ്മന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ നന്ദകുമാറിന്റെ മൊഴി താമസിയാതെ പൂജപ്പുര പോലീസ് രേഖപ്പെടുത്തും.