നവകേരള സദസ്സിന് ഇന്ന് സമാപനം

വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് പര്യടനം അവസാനിക്കുന്നത്

Update: 2023-12-23 00:55 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: കേരളത്തിലെ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തിയ മന്ത്രിസഭയുടെ നവകേരള സദസ്സ് ഇന്ന് അവസാനിക്കും . വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് പര്യടനം അവസാനിക്കുന്നത് . തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ നവകേരള സദസ്സ് ഒരുമിച്ചായിരിക്കും വൈകിട്ട് നടക്കുക . കോവളം ,നേമം,കഴക്കൂട്ടം തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് ഇന്ന് പര്യടനം നടത്തുന്നത് . രാവിലെ പ്രഭാത യോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകും.

ജനങ്ങളിലേക്ക് ഇറങ്ങി സർക്കാരിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തുക എന്നതിനൊപ്പം മറ്റു ചില രാഷ്ട്രീയ നേട്ടങ്ങളും ലക്ഷ്യം വെച്ചാണ് ഇടതുമുന്നണി സർക്കാർ നവ കേരള സദസ് സംഘടിപ്പിച്ചത് . കേന്ദ്രസർക്കാരിന്‍റെ സംസ്ഥാന വിരുദ്ധ നയങ്ങളും പ്രതിപക്ഷത്തിന്‍റെ വികസനവിരുദ്ധ സമീപനങ്ങളും തുറന്നു കാട്ടുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി സംവിധാനത്തെ ചലിപ്പിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയ ലക്ഷ്യവും യാത്രയ്ക്ക് പിന്നിലുണ്ട്. അത് വിജയിച്ചു എന്നാണ് ഒരു മാസത്തിലേറെ നീണ്ടുനിന്ന യാത്ര അവസാനിക്കുമ്പോൾ മുന്നണി നേതൃത്വത്തിന്‍റെ കണക്ക് കൂട്ടൽ.


Full View


തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് രാഷ്ട്രീയപാർട്ടികൾ ജാഥകൾ നടത്തുന്നത് സംസ്ഥാനം കണ്ടിട്ടുണ്ട്.രാഷ്ട്രീയ പ്രചരണ ജാഥകളും കാൽനടജാഥകളും എല്ലാം കണ്ട സംസ്ഥാനത്തെ ജനങ്ങൾക്ക് മുന്നിലാണ് പുതിയ രീതി സർക്കാർ കൊണ്ടുവന്നത്. സംസ്ഥാനത്തെ മന്ത്രിസഭ മുഴുവൻ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലും യാത്ര ചെയ്യാൻ തീരുമാനിച്ചത് കേരള രൂപീകരണത്തിന് ശേഷം ആദ്യം . നവംബർ 18ന് മഞ്ചേശ്വരത്തു നിന്നും തുടങ്ങി ഇന്ന് വൈകിട്ട് വട്ടിയൂർക്കാവിൽ യാത്ര സമാപിക്കുമ്പോൾ സർക്കാരിനും ഇടത് മുന്നണിക്കും വിവിധ ലക്ഷ്യങ്ങൾ ആയിരുന്നു . കേരളത്തിലെ ജനങ്ങൾക്കിടയിൽ ഉണ്ടായി എന്നും വിലയിരുത്തപ്പെടുന്ന സർക്കാർ വിരുദ്ധ മനോഭാവത്തെ ഇല്ലാതാക്കുക . സർക്കാരിനെ കുറിച്ചുള്ള പരാതികൾ ജനങ്ങളിൽ നിന്ന് നേരിട്ട് കേൾക്കുക . സംസ്ഥാനത്തെ ക്ഷേമ ,വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതിന് കാരണം കേന്ദ്ര സമീപനമാണെന്ന് ജനങ്ങളോട് പറയുക. കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുമുറുക്കിയിട്ടും മൗനം പാലിക്കുന്ന പ്രതിപക്ഷത്തെ തുറന്നു കാട്ടുക . മണ്ഡലങ്ങളിൽ മുഖ്യമന്ത്രി എത്തുന്നതിനുമുമ്പ് സംസാരിക്കുന്ന മൂന്നു മന്ത്രിമാരും സമകാലിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് പറഞ്ഞു. അവസാനം എത്തുന്ന മുഖ്യമന്ത്രി കേന്ദ്രത്തെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ചു.

സർക്കാർ ചെലവിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്നു എന്ന പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസംഗങ്ങൾ ..ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ ചെലവിൽ ഇടതുമുന്നണി സംവിധാനത്തെ ചലിപ്പിച്ചു എന്നുള്ളതാണ് യാത്ര കൊണ്ടുള്ള രാഷ്ട്രീയ നേട്ടം...മണ്ഡലങ്ങളിൽ ഒഴുകിയെത്തിയ പതിനായിരങ്ങൾ ഇതിന്‍റെ തെളിവായി ...ജനപങ്കാളിത്തം കൊണ്ട് പരിപാടി വിജയമാണെന്ന് മുന്നണി നേതൃത്വം വിലയിരുത്തുമ്പോഴും..140 മണ്ഡലങ്ങളിൽ നിന്ന് കിട്ടിയ പരാതികളിൽ എത്രയെണ്ണം തീർപ്പ് കൽപ്പിച്ചു എന്ന ചോദ്യം പ്രസക്തം .ഈ ചോദ്യം ഉയർത്തിയായിരിക്കും പ്രതിപക്ഷം ഇനി സർക്കാരിനെ നേരിടാൻ പോകുന്നതും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News