പി.ആർ ഏജൻസിയുടെ ഉൽപ്പന്നമാണ് നവകേരള സദസെന്ന് ചെന്നിത്തല; ബുദ്ധി പണയം വെച്ചവർക്ക് തോന്നുന്ന കാര്യമെന്ന് മുഖ്യമന്ത്രി
മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും വിമർശിക്കാൻ വേണ്ടിയുള്ള സദസാണ് നടക്കുന്നതെന്ന് എം.എം ഹസൻ
തിരുവനന്തപുരം: പി ആർ ഏജൻസിയുടെ ഉൽപ്പന്നമാണ് നവ കേരള സദസെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാണ് യാത്ര നടത്തുന്നത്. പരിപാടി വോട്ടു പിടിക്കാനുള്ള തന്ത്രം മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.അതേസമയം, പി ആർ എജൻസിക്ക് ബുദ്ധി പണയം വെച്ചവർക്ക് തോന്നുന്ന കാര്യം മാത്രമാണിതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം, നവകേരള സദസ് ബഹിഷ്കരിക്കാനുള്ള യുഡിഎഫ് തീരുമാനം ശരിയാണെന്ന് അദ്യ ദിവസം തന്നെ തെളിഞ്ഞുവെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. ഏഴ് ലക്ഷം ഫയലുകൾ സെക്രട്ടറിയേറ്റിൽ കെട്ടികിടക്കുകയാണ്. അത് പരിഹരിക്കേണ്ട ചീഫ്സെക്രട്ടറി അടക്കമുള്ളവർ യാത്രയിൽ പങ്കെടുക്കുന്നുണ്ട്. മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും വിമർശിക്കാൻ വേണ്ടിയുള്ള സദസാണ് നടക്കുന്നതെന്നും എംഎം ഹസൻ പറഞ്ഞു.
അതേസമയം, നവകേരള സദസിന്റെ കണ്ണൂർ ജില്ലയിലെ പര്യടനം ഇന്ന് ആരംഭിച്ചു. രാവിലെ ക്ഷണിക്കപ്പെട്ട പ്രമുഖരുമായി മുഖ്യമന്ത്രി കൂടികാഴ്ച നടത്തി. പയ്യന്നൂരിലാണ് ആദ്യ പരിപാടി നടക്കുന്നത്. കല്യാശ്ശേരി, തളിപ്പറമ്പ്, മണ്ഡലങ്ങളിലും ഇന്ന് പര്യടനം നടത്തും. വൈകിട്ട് ഇരിക്കൂറിലാണ് സമാപനം.നാളെയും മറ്റന്നാളും കണ്ണൂരിലെ മറ്റ് മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കും.