കേന്ദ്ര മന്ത്രിസഭയിൽ ഇങ്ങനെയൊരു മന്ത്രി എങ്ങനെ വന്നുവെന്നതാണ് അത്ഭുതം: കെ-റെയിലിൽ വി. മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി
കേരളത്തിന് വേണ്ടി നയാ പൈസയുടെ ഗുണം വി മുരളീധരനെ കൊണ്ടില്ലെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന
കേന്ദ്ര വിദേശകാര്യ സഹമന്ത്രി മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിലിൽ ജനങ്ങളുടെ മനോഭാവം എന്താണെന്ന് ഒരു കേന്ദ്രമന്ത്രിക്ക് നേരിട്ട് മനസിലായല്ലോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പ്രധാനമന്ത്രിയുമായുള്ള ചർച്ച ആരോഗ്യകരമായിരുന്നുവെന്നും അങ്ങനെയുള്ള പ്രധാനമന്ത്രിയുടെ കീഴിൽ എങ്ങനെ ഇങ്ങനെയൊരു മന്ത്രി വന്നുവെന്നതാണ് അത്ഭുതമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-റെയിലിൽ ആശങ്ക ഉണ്ടാക്കുന്നത് സംസ്ഥാന സർക്കാരാണെന്നും മുഖ്യമന്ത്രി ശീതീകരിച്ച മുറിയിലിരുന്ന് ചർച്ച നടത്തുകയാണെന്നും വി. മുരളീധരൻ പരാമർശിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വി.മുരളീധരനെതിരെ പരസ്യ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. കേരളത്തിന് വേണ്ടി നയാ പൈസയുടെ ഗുണം വി മുരളീധരനെ കൊണ്ടില്ലെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന.സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കുടിയിറക്ക് ഭീഷണി നേരിടുന്ന മേഖലകളിലെത്തിയ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരെ സി.പി.എം കൗൺസിലറുടെ വീട്ടുകാർ പ്രതിഷേധിച്ചത് വാർത്തയായിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്ത് 'പ്രതിരോധ യാത്ര'യുമായെത്തിയപ്പോഴാണ് സി.പി.എം കൗൺസിലർ എൽ.എസ്. കവിതയും വീട്ടുകാരും പ്രതിഷേധമുയർത്തിയത്. തങ്ങൾ ഭൂമി വിട്ടുകൊടുക്കുമെന്ന് അറിയിക്കുകയും പിണറായി വിജയൻ സിന്ദാബാദെന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു അവർ.
'ഞങ്ങൾക്ക് ഒരു രൂപയും വേണ്ട. വികസന പദ്ധതിക്ക് ഭൂമി നൽകാൻ തീരുമാനിച്ചു. ഞങ്ങൾ സർക്കാറിനോടൊപ്പമാണ്. ഞങ്ങളുടെ സ്ഥലം നാളത്തെ തലമുറക്ക് വേണ്ടി നൽകും. ആരുടെ കൂട്ടും വേണ്ടാതെ എനിക്ക് ഒന്നര മണിക്കൂർ കൊണ്ട് ഗുരുവായൂരപ്പനെ കാണാൻ പോകണം. ഭൂമി പോകുന്നതിൽ സന്തോഷമേയുള്ളൂ. കാരണം നാളത്തെ തലമുറക്ക് വേണ്ടിയാണ് ഈ വികസനം. നിങ്ങൾ എതിർത്താലും ഞങ്ങൾ നടപ്പാക്കും. ജീവൻ പോയാലും നടപ്പാക്കും. രണ്ട് പെൺമക്കളുള്ള അമ്മയാണ് ഇത് പറയുന്നത്' -കവിത വി. മുരളീധരനോട് പറഞ്ഞു. അതേസമയം, സി.പി.എം കൗൺസിലറുടെ കുടുംബം മാത്രമാണ് ഭൂമി വിട്ടുകൊടുക്കുമെന്ന് പറഞ്ഞതെന്നും മറ്റാരും നൽകുമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വി. മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.