പുതിയ സിനിമാ കൂട്ടായ്മ: ചർച്ചയിൽ പങ്കെടുത്തവർ ഭാരവാഹികളല്ല, തെറ്റിദ്ധാരണയുണ്ടായി- വിശദീകരണവുമായി ആഷിഖ് അബു
സംഘടനയുമായി മുന്നോട്ട് പോകുമെന്നും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നും ആഷിഖ് അബു
കൊച്ചി: മലയാള സിനിമയിൽ പുതിയ സംഘടന രൂപികരിക്കുന്നതുമായി സംബന്ധിച്ച് ഉയർന്നു വന്ന ചർച്ചകൾക്ക് പിന്നാലെ വിശദീകരണവുമായി സംവിധായകൻ ആഷിഖ് അബു രംഗത്ത്. പുതിയ സംഘടനകനയുടെ രൂപീകരണ ചർച്ചയിൽ പങ്കെടുത്തവർ ഭാരവാഹികളാണ് എന്ന നിലയിൽ തെറ്റിദ്ധാരണ ഉണ്ടായെന്നാണ് ആഷിഖ് അബുവിന്റെ വിശദീകരണം. ആശയ രൂപീകരണത്തിനു വേണ്ടിയുണ്ടാക്കിയ കത്താണ് പുറത്തായത്. അത് തെറ്റിദ്ധാരണ ഉണ്ടാക്കി. സംഘടനയുമായി മുന്നോട്ട് പോകും. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തും. നിർമാതാവ് മുതൽ പോസ്റ്റർ പതിക്കുന്നവർ വരെ ഫിലിം മേക്കേഴ്സ് ആണ്. ഇവരുടെയെല്ലാം കൂട്ടായ്മയാണ് ലക്ഷ്യമെന്നും ആഷിഖ് അബു പ്രസ്താവനയിൽ പറഞ്ഞു.
പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിലാണ് പുതിയ സംഘടന വരുന്നത്. ആഷിഖ് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, റിമ കല്ലിങ്കൽ തുടങ്ങിയവരാണ് നേതൃനിരയിലുണ്ടാവുക എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിൽ ഭാഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയിരുന്നു. നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മയോട് താൻ യോജിക്കുന്നുവെന്നും സ്വാഗതം ചെയ്യുന്നുവെന്നും ലിജോ അറിയിച്ചിരുന്നു. പിന്നാലെയാണ് പുതിയ സംഘടനയുടെ ഭാഗമാകാൻ തീരുമാനം എടുത്തിട്ടില്ലെന്ന് അറിയിച്ച് ബിനീഷ് ചന്ദ്രയും രംഗത്ത് എത്തിയത്. ആശയം നല്ലതാണെന്നും കത്തിൽ പേര് വച്ചത് തൻറെ അറിവോടെ അല്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമാക്കിയാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്നായിരുന്നു അണിയറ പ്രവർത്തകർ നൽകിയ വിശദീകരണം. സിനിമാ വ്യവസായത്തിന്റെ ഭാഗമായ എല്ലാവരും സമഭാവനയോടെ പുലരുന്ന കൂടുതൽ മെച്ചപ്പെട്ട ഒരു ഭാവിക്കായുള്ള സ്വപ്‌നത്തിൽ ഒരുമിച്ച് അണിചേരാമെന്നും ഇവർ പറഞ്ഞിരുന്നു.