എന്‍.എം വിജയന്‍റെ ആത്മഹത്യ; കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്, നേതാക്കള്‍ പ്രതിപ്പട്ടികയില്‍ വരുമോ എന്ന് ആശങ്ക
കെപിസിസി നിയോഗിച്ച ഉപസമിതി വീട് സന്ദർശിച്ചതോടെ എൻ.എം വിജയൻ്റെ കുടുംബം പാർട്ടി വരുതിയിലായെന്നായിരുന്നു കോൺഗ്രസ് വിലയിരുത്തൽ
വയനാട്: ഡിസിസി ട്രഷറർ എൻ.എം വിജയന്‍റെ മരണത്തോടെ പ്രതിസന്ധിയിലായ കോൺഗ്രസിന് കൂടുതൽ കുരുക്കാവുകയാണ് കേസിൽ പൊലീസ് ചേർക്കുന്ന പുതിയ വകുപ്പുകൾ. കേസിൽ ആത്മഹത്യാപ്രേരണാ കുറ്റം കൂടി ചുമത്തിയതോടെ നേതാക്കൾ പ്രതിപ്പട്ടികയിൽ വരുമോ എന്നതാണ് ആശങ്ക.
കെപിസിസി നിയോഗിച്ച ഉപസമിതി വീട് സന്ദർശിച്ചതോടെ എൻ.എം വിജയൻ്റെ കുടുംബം പാർട്ടി വരുതിയിലായെന്നായിരുന്നു കോൺഗ്രസ് വിലയിരുത്തൽ. ഇതിനിടെയാണ് അന്വേഷണ സംഘം കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തുന്നത്.
എൻ.എം വിജയന്‍റെ കത്തിന്‍റെ വെളിച്ചത്തിലാണ് കേസിൽ പൊലീസ് ആത്മഹത്യാപ്രേരണാ കുറ്റം ചേർക്കുന്നത്. കത്ത് വിജയൻ്റേതാണ് എന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞാൽ കത്തിൽ പേര് പരാമർശിക്കുന്ന നേതാക്കളിലേക്കും അന്വേഷണം നീളും. സുൽത്താൻബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ തുടങ്ങി ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും ഇതോടെ പ്രതിപ്പട്ടികയിൽ വരും.
സുൽത്താൻ ബത്തേരി ബാങ്ക് നിയമന കോഴക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അഞ്ച് പ്രദേശിക കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരുന്നു.