ഡിഗ്രി സീറ്റില്ല; മലബാർ ജില്ലകളിൽ പ്രവേശനം ലഭിക്കാതെ വലഞ്ഞ് വിദ്യാർഥികൾ
സ്വാശ്രയ കോളജുകളില്‍ പഠിക്കാനുള്ള സാമ്പത്തികാവസ്ഥയില്ലാത്ത വിദ്യാർഥികളുടെ ഭാവി ആശങ്കയിലാണ്
കോഴിക്കോട്: മലബാർ ജില്ലകളില്‍ ഡിഗ്രി പ്രവേശനം ലഭിക്കാതെ വലഞ്ഞ് വിദ്യാർഥികള്‍. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്ലസ്ടു വിന് 90 ശതമാനം മാർക്ക് ലഭിച്ച വിദ്യാർഥികള്‍ക്ക് പോലും മെറിറ്റ് സീറ്റ് കിട്ടിയില്ല. സ്വാശ്രയ കോളജുകളില്‍ പഠിക്കാനുള്ള സാമ്പത്തികാവസ്ഥയില്ലാത്ത വിദ്യാർഥികളുടെ ഭാവി ആശങ്കയിലാണ്.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് കഴിഞ്ഞിരിക്കെ ഇനി പ്രവേശന സാധ്യത കുറവാണ്. പിന്നാക്കമേഖലയിലെ ഈ വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള അഞ്ചു ജില്ലകളിലായി ഈ വർഷം പ്ലസ് ടു വിജിയച്ചത് 162764 വിദ്യാർഥികളാണ്. എന്നാൽ, ഈ ജില്ലകളിലായി സർക്കാർ എയ്ഡഡ് കോളജുകളിലുള്ള ആകെ സീറ്റുകള്‍ 29893 മാത്രമാണ്
സ്വാശ്രയ മേഖലയിൽ അമ്പതിനായിരത്തോളം സീറ്റുണ്ടെങ്കിലും ഫീസും ഡൊണേഷനും നല്കാന്‍ കഴിയുന്നവർക്കേ അത് പ്രാപ്യമാകൂ. കൂടുതൽ സർക്കാർ എയ്ഡഡ് കോളജുകള്‍ തുടങ്ങാതെ മലബാറിലെ ഉന്നതവിദ്യാഭ്യാസ പ്രതിസന്ധി മറികടക്കില്ല.