വിദ്വേഷം വളർത്തുന്ന പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കരുത്: എസ്.കെ.എസ്.എസ്.എഫ്

''ഭരണകൂടം സ്‌പോൺസർ ചെയ്ത് നടപ്പാക്കിയ കലാപങ്ങൾ മൂടിവയ്ക്കാനുള്ള ശ്രമം വിലപ്പോകില്ല. വർഗീയവിഷം ചീറ്റുന്ന സംഘ്പരിവാർ പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള നീക്കം രാജ്യത്തെ വർഗീയമായി വിഭജിക്കാനുള്ള മറ്റൊരു നീക്കമാണ്.''

Update: 2024-04-05 14:40 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കാൻ സംഘ്പരിവാർ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഗുജറാത്ത് കലാപവും ബാബരി മസ്ജിദ് ധ്വംസനവും ചരിത്ര ഏടുകളിൽനിന്ന് നീക്കംചെയ്യുന്നതിന്റെ ഭാഗമായാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽനിന്ന് അവയെ ഒഴിവാക്കിയതെന്ന് എസ്.കെ.എസ്.എസ്.എഫ്. വിദ്വേഷം വളർത്തുന്ന പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കരുതെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

12-ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽനിന്ന് ബാബരി മസ്ജിദ് തകർത്തു എന്ന പരാമർശം നീക്കംചെയ്ത് സുപ്രിംകോടതി ഇടപെടലിലൂടെ രാമക്ഷേത്രം നിർമിച്ചു എന്ന് മാറ്റിയെഴുതിയിരിക്കുകയാണ്. പ്ലസ് ടു സോഷ്യോളജിയിൽനിന്ന് ഇന്ത്യൻ സൊസൈറ്റി എന്ന ആറാം അധ്യായത്തിൽ നേരത്തെ ഉണ്ടായിരുന്ന ഇന്ത്യ കണ്ട വർഗീയ കലാപങ്ങളുടെ ചരിത്രവും ഒഴിവാക്കിയിരിക്കുന്നു. ഇതിന് പകരം രാജ്യത്തെ വർഗീയതയുടെ പേരിൽ ചോരക്കളമാക്കുകയും മുസ്‌ലിംകളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത രാമജന്മഭൂമി മൂവ്‌മെന്റും രാമക്ഷേത്ര നിർമാണവും പാഠഭാഗങ്ങളിൽ ഉൾപ്പെടുത്താനുള്ള നീക്കം ഭരണകൂട ഭീകരതയുടെ നേർചിത്രമാണ്. പുതിയ കാലഘട്ടത്തിൽ തങ്ങൾക്ക് അനുകൂലമായ ചരിത്ര വായനകൾ മാത്രമേ രാജ്യത്ത് നിലനിൽക്കാൻ പാടുള്ളൂ എന്ന ഫാസിസ്റ്റ് ഭീരുത്വമാണ് എൻ.സി.ഇ.ആർ.ടിയുടെ ഇതടക്കമുള്ള തുടർച്ചയായ നടപടികളിലൂടെ വെളിവാകുന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

''ഭരണകൂടം സ്‌പോൺസർ ചെയ്ത് നടപ്പാക്കിയ കലാപങ്ങൾ മൂടിവയ്ക്കാനുള്ള ശ്രമം വിലപ്പോകില്ല. വർഗീയവിഷം ചീറ്റുന്ന സംഘ്പരിവാർ പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള നീക്കം രാജ്യത്തെ വർഗീയമായി വിഭജിക്കാനുള്ള മറ്റൊരു നീക്കമാണ്. രാജ്യത്തെ ഒരു സംസ്ഥാനത്തിനും സമുദായത്തിനുമെതിരെ ഭരണകൂടം തന്നെ ഔദ്യോഗിക സംപ്രേഷണ സംവിധാനത്തിലൂടെ വെറുപ്പും നുണകളും പ്രചരിപ്പിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. ഹിന്ദുത്വ ഭീകരതയെ വെള്ളപൂശുന്ന പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കില്ലെന്ന നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Summary: No hate-mongering lessons should be taught in Kerala: SKSSF

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News