മലപ്പുറം പരാമര്‍ശം; പിആര്‍ ഏജന്‍സിയെക്കുറിച്ച് മിണ്ടാതെ ദേശാഭിമാനി

എന്നാല്‍ എങ്ങനെയാണ് ആ ഭാഗം ദ ഹിന്ദു പ്രസിദ്ധീകരിക്കാന്‍ ഇടയായത് എന്നതും വാര്‍ത്തയില്‍ ഇല്ല

Update: 2024-10-02 03:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: ദ ഹിന്ദുവുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ പിആർ കമ്പനിയുടെ സാന്നിധ്യത്തെക്കുറിച്ച് ഒന്നും പറയാതെ ദേശാഭിമാനിയുടെ വാർത്ത.'മാപ്പ് പറഞ്ഞ് ദ ഹിന്ദു' എന്ന വാർത്തയിൽ പത്രം നടത്തിയ വെളിപ്പെടുത്തലുകളും ഒഴിവാക്കി. വിവാദഭാഗം മുഖ്യമന്ത്രി പറഞ്ഞതല്ലെന്ന് ദ ഹിന്ദു തിരുത്തിയെന്നും സിപിഎം മുഖപത്രം പറയുന്നു. എന്നാല്‍ എങ്ങനെയാണ് ആ ഭാഗം ദ ഹിന്ദു പ്രസിദ്ധീകരിക്കാന്‍ ഇടയായത് എന്നതും വാര്‍ത്തയില്‍ ഇല്ല.

''മലപ്പുറത്ത് നിന്ന് അഞ്ച് വര്‍ഷത്തിനിടെ 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവും പൊലീസ് പിടിച്ചെടുത്തെന്നും ഈ പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് അഭിമുഖത്തില്‍ വന്നത്. എന്നാല്‍ പ്രത്യേക സ്ഥലമോ പ്രദേശമോ മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നില്ല. ദേശവിരുദ്ധ പ്രവര്‍ത്തനം എന്ന വാക്കും ഉപയോഗിച്ചില്ല. ഇക്കാര്യം വ്യക്തമാക്കിയാണ് തിരുത്ത്'' എന്നാണ് ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നത്.

അതേസമയം മലപ്പുറം പരാമർശത്തിൽ 'ദ ഹിന്ദു' ദിനപത്രത്തിന്‍റെ മറുപടി വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിക്കൂട്ടിലായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ,മലപ്പുറവുമായി ബന്ധപ്പെട്ട് വിഷലിപ്തമായ വാക്കുകൾ ഉൾപ്പെടുത്തണമെന്ന നിർദേശം പിആർ ഏജൻസി നൽകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

മുഖ്യമന്ത്രി പറയാത്ത കാര്യങ്ങളാണ് മലപ്പുറവുമായി ബന്ധപ്പെട്ട് ഹിന്ദു പത്രത്തിന്‍റെ അഭിമുഖത്തിൽ വന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഇതിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ദ ഹിന്ദു പത്രത്തിന്‍റെ എഡിറ്റർക്ക് കത്തും നൽകി.ഇതിനു പിന്നാലെയാണ് ദ ഹിന്ദു പത്രം കാര്യങ്ങൾ വിശദീകരിച്ചത്. അഭിമുഖം എടുക്കുമ്പോൾ ഉണ്ടായിരുന്ന പിആർ ഏജൻസിയുടെ പ്രതിനിധികൾ പറഞ്ഞത് പ്രകാരമാണ് മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പരാമർശം ഉൾപ്പെടുത്തിയത് എന്നായിരുന്നു വിശദീകരണം. ഇവിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിൽ ആകുന്നത്. സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകർക്കാൻ പാകത്തിലുള്ള വിവാദപരാമർശം പി ആർ ഏജൻസി പറഞ്ഞുകൊടുത്തത് ആരുടെ നിർദേശപ്രകാരം എന്ന ചോദ്യമാണ് ഉയരുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News