ഏറ്റവും കൂടുതല്‍ മതംമാറ്റം നടത്തുന്നത് ക്രിസ്ത്യന്‍ സമുദായം, മയക്കുമരുന്നിന്‍റെ പേരില്‍ മുസ്‍ലിംകളെ മാത്രം കുറ്റം പറഞ്ഞത് ശരിയായില്ല: വെള്ളാപ്പള്ളി നടേശൻ
ലൗ ജിഹാദ് പുതിയ കാര്യമല്ലെന്നും താൻ അത് പറഞ്ഞപ്പോൾ തന്നെ വർഗീയവാദിയാക്കിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലവ് ജിഹാദും മതപരിവർത്തനവും ഏറ്റവും കൂടുതൽ നടത്തുന്നത് ക്രിസ്ത്യൻ സമുദായമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ മതപരിവർത്തനം ചെയ്തത് ക്രിസ്ത്യൻ മതക്കാരാണ്. മുസ്‍ലിങ്ങളെ മാത്രം ലക്ഷ്യമിട്ട് പ്രസ്താവന നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അപക്വമായ വർഗീയ വിഷം തുപ്പുന്ന പ്രസ്താവനകൾ ആരും നടത്തരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ലൗ ജിഹാദ് പുതിയ കാര്യമല്ലെന്നും താൻ അത് പറഞ്ഞപ്പോൾ തന്നെ വർഗീയവാദിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. "ക്രിസ്ത്യൻ സമുദായവും മതം മാറ്റുന്നുണ്ട്. ഒന്ന് ഇങ്ങോട്ട് വന്നാൽ 100 എണ്ണം ക്രിസ്ത്യൻ സമുദായത്തിലേക്ക് പോകുന്നുണ്ട്.ക്രിസ്ത്യൻ മിഷനറിമാരാണ് ഏറ്റവും കൂടുതൽ മതം മാറ്റിയത്.ഇല്ലായ്മയെ ചൂഷണം ചെയ്താണ് മത പരിവർത്തനം. " - അദ്ദേഹം പറഞ്ഞു.വി.എൻ. വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.ഫാദർ റോയ് കണ്ണഞ്ചിറയുടെ പരാമർശം സ്ഥാനത്തിന് യോജിക്കാത്തതാണെന്നും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സംഘടിത വോട്ട് ബാങ്കിന് മുന്നിൽ മുഴുവൻ രാഷ്ട്രീയ പാർട്ടികളും സാഷ്ടാംഗം പ്രണാമം നടത്തുകയാണ്. ജനാധിപത്യത്തിൽ വോട്ടിനാണ് പ്രാധാന്യം. ന്യൂനപക്ഷ വിഭാഗം ദേശീയ രാഷ്ട്രീയപാർട്ടികളെയും മുൾമുനയിൽ നിർത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി
ന്യൂനപക്ഷം എന്ന് പറഞ്ഞു കൊണ്ട് രാജ്യത്തിന്‍റെ ഖജനാവ് മുഴുവൻ ചോർത്തി കൊണ്ട് പോവുകയാണ്. സംഘടിത വോട്ട് ബാങ്കായി നിലകൊണ്ട് അധികാര രാഷ്ട്രീയത്തിൽ പ്രവേശിച്ച് അർഹതപ്പെട്ടതും അതിൽ കൂടുതലും ഈ വിഭാഗക്കാർ വാരി കൊണ്ടു പോവുകയാണ്. ഈ സാഹചര്യത്തിൽ മറ്റ് പിന്നാക്ക, പട്ടികജാതി-വർഗ സമുദായത്തിന് എന്ത് നീതി കൊടുത്തെന്ന് പരിശോധിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.