ആവശ്യത്തിന് സിറിഞ്ച് ഇല്ല; കൊച്ചി കോർപറേഷനിൽ വാക്സിനേഷൻ മുടങ്ങി
അഞ്ച് ലക്ഷം സൂചികൾ സ്റ്റോക്ക് ഉണ്ടെന്നാണ് ജില്ലാ വാക്സിനേഷൻ നോഡൽ ഓഫീസറുടെ വിശദീകരണം
Update: 2021-08-16 12:06 GMT
കൊച്ചി കോർപറേഷനിലെ വിവിധ ഡിവിഷനുകളിൽ ഇന്ന് നടക്കാനിരുന്ന സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് മുടങ്ങി. ആവശ്യത്തിന് സിറിഞ്ച് ഇല്ലാത്തതിനാലാണ് വാക്സിനേഷൻ മുടങ്ങിയത്. കോർപറേഷൻ പരിധിയിലെ 74 ഡിവിഷനുകളിലെയും വ്യാക്സിനേഷൻ ക്യാമ്പുകൾ മാറ്റിവെച്ചു.
വ്യാപാരികൾക്കും ഓട്ടോ തൊഴിലാളികൾക്കുമായി നടത്താനിരുന്ന ക്യാമ്പ് ആവശ്യത്തിന് വാക്സിൻ ഉണ്ടായിട്ടും മുടങ്ങിയതോടെ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തി. നഗരസഭ അധികൃതരുടെ കെടുകാര്യസ്ഥത ആരോപിച്ച് യുഡിഎഫ് കോർപറേഷൻ ഓഫീസ് ഉപരോധിച്ചു.
അഞ്ച് ലക്ഷം സൂചികൾ സ്റ്റോക്ക് ഉണ്ടെന്നാണ് ജില്ലാ വാക്സിനേഷൻ നോഡൽ ഓഫീസറുടെ വിശദീകരണം. എവിടെയാണ് വീഴ്ചയുണ്ടായതെന്ന് പരിശോധിക്കുമെന്നും നഗരസഭക്ക് ആവശ്യമായ സിറിഞ്ച് ലഭ്യമാക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും വാക്സിനേഷൻ നോഡൽ ഓഫീസർ ശിവദാസ് അറിയിച്ചു.