സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല: ജി. സുധാകരൻ
ഒരു വകുപ്പിനെപ്പറ്റിയും കുറിച്ച് ആരോപണങ്ങൾ പറഞ്ഞിട്ടില്ല
ആലപ്പുഴ: താൻ സംസ്ഥാന സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. ഒരു വകുപ്പിനെപ്പറ്റിയും കുറിച്ച് ആരോപണങ്ങൾ പറഞ്ഞിട്ടില്ല. ടൂറിസം പ്രമോഷൻ കൗൺസിലിനെപ്പറ്റി പറഞ്ഞത് ടൂറിസം വകുപ്പിനെക്കുറിച്ചാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലെ കാര്യമാണ് പറഞ്ഞത്. ആലപ്പുഴയെക്കുറിച്ച് കർണാടകത്തിലോ തമിഴ്‌നാട്ടിലോ പോയി പറയണോയെന്നും അദ്ദേഹം ചോദിച്ചു. ജി.സുധാകരൻ എന്തു പറയുമെന്നും പറയില്ല എന്നും ജനങ്ങൾക്കറിയാം. പാർട്ടിക്കെതിരെയും ഇടതു സർക്കാരിനെതിരെയും ഒന്നും പറഞ്ഞിട്ടില്ല. ആരോഗ്യരംഗത്തെ കുറിച്ചാണ് പറഞ്ഞത് വകുപ്പിനെ കുറിച്ചാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ ദിവസം ആരോഗ്യം, ടൂറിസം വകുപ്പുകളെ വിമർശിച്ച് ജി സുധാകരൻ രംഗത്തെത്തിയിരുന്നു. ആരോഗ്യമേഖലയിൽ അശ്രദ്ധയും അവഗണനയുമാണുള്ളത്. മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. ആലപ്പുഴ മെഡിക്കൽ കോളേജ് വികസനം എവിടെയും എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഓണത്തിനും വിഷുവിനും സാധനം വിലകുറച്ചു നൽകുന്നതല്ല ആസൂത്രണം. ആരോഗ്യ സംരക്ഷണത്തിനായി മാനദണ്ഡങ്ങൾ പാലിക്കണം. പുതിയ പരിഷ്‌കാരങ്ങൾ വേണം. ആലപ്പുഴയിൽ ചീഞ്ഞ കനാലുകളും തോടുകളുമാണ് ഇപ്പോഴും ഉള്ളതെന്നും അതിനൊന്നും പരിഹാരമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ ടൂറിസം പ്രമോഷനിൽ അഴിമതിയുടെ അയ്യര് കളിയാണ്. ആലപ്പുഴയിൽ ലഹരി മരുന്നുപയോഗം വർധിക്കുകയാണെന്നും സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ചെറുപ്പക്കാരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.