ലവ് ജിഹാദുണ്ടെന്ന് വിശ്വസിക്കുന്നില്ല: ജി സുകുമാരന്‍ നായര്‍

മതങ്ങൾക്കതീതമായി ആളുകൾ വിവാഹം കഴിക്കുന്നു. ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുന്നത് തെറ്റാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി

Update: 2023-01-09 13:28 GMT
Advertising

ലവ് ജിഹാദുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മതങ്ങൾക്കതീതമായി ആളുകൾ പരസ്പരം വിവാഹം കഴിക്കുന്നുണ്ട്. ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുന്നത് തെറ്റാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ലവ് ജിഹാദിനെക്കുറിച്ച് ഒരു വിഭാഗം ക്രിസ്ത്യന്‍ സമൂഹം പങ്കുവെയ്ക്കുന്ന ആശങ്ക താങ്കള്‍ക്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സുകുമാരന്‍ നായര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കേരളത്തിൽ ബി.ജെ.പിക്ക് ഭാവിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു- "ഒരു ദിവസം കൊണ്ട് രാഷ്ട്രീയം മാറാം. ഒരാളുടെ ഒരു വാക്കിന് മുഴുവൻ സാഹചര്യവും മാറ്റാൻ കഴിയും. ഇന്ത്യയിൽ ബി.ജെ.പി ഇത്രയും ശക്തമാകുമെന്ന് ആരെങ്കിലും മുൻകൂട്ടി കണ്ടിരുന്നോ? ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ല. ഞങ്ങൾ എപ്പോഴും സമദൂര നയം പാലിക്കുന്നു. എനിക്ക് ആർ.എസ്.എസിനെ അറിയാം. 18 വർഷം ഞാൻ ആർ.എസ്.എസുകാരനായിരുന്നു. എന്നാൽ നായർക്ക് ആർ.എസ്.എസിനേക്കാൾ നല്ല ഇടമാണ് എൻ.എസ്.എസ് എന്ന് എനിക്ക് മനസ്സിലായി". ക്രിസ്ത്യാനികൾ ബി.ജെ.പിയുമായി കൂടുതൽ അടുക്കുന്നുവെന്ന ബി.ജെ.പിയുടെ വാദത്തെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളുമല്ല. ചിലത് എന്നായിരുന്നു സുകുമാരന്‍ നായരുടെ മറുപടി.

രാഷ്ട്രീയ പാര്‍ട്ടികളോട് 'സമദൂരം' പ്രഖ്യാപിച്ച എന്‍.എസ്.എസ് എന്തുകൊണ്ടാണ് ശശി തരൂരിനെ മന്നം ജയന്തി പരിപാടിക്ക് ക്ഷണിച്ചതെന്ന ചോദ്യത്തിന് സുകുമാരന്‍ നായരുടെ മറുപടിങ്ങനെ- "തറവാടി നായരാണ് തരൂർ. അദ്ദേഹം ആഗോള പൗരനാണ്. മാത്രമല്ല രാഷ്ട്രീയ അതിർവരമ്പുകൾ മായ്‌ക്കുന്ന ആളാണ്. കോൺഗ്രസ് എം.പിയാണെങ്കിലും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന ആളാണ് അദ്ദേഹം. കൂടാതെ സാധാരണക്കാരോടൊപ്പം നിൽക്കുന്ന ഒരാളാണ്. അതുകൊണ്ട് അദ്ദേഹത്തെ വെറുമൊരു കോൺഗ്രസുകാരനായി കാണേണ്ടതില്ല. എൻ.എസ്.എസുമായി നേരത്തെ നല്ല അടുപ്പമുണ്ടായിരുന്ന ചില കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാതെ സ്ഥലംവിട്ടു. ചില കോൺഗ്രസ് നേതാക്കൾ തരൂരിന്റെ സാന്നിധ്യം ഇഷ്ടപ്പെട്ടില്ല. ചില കോൺഗ്രസ് നേതാക്കളുടെ മോശം മനോഭാവം മാത്രമാണ് ഇത് കാണിക്കുന്നത്. ഡൽഹി നായരെന്ന എന്‍റെ പ്രസ്താവന തിരുത്താനാണ് തരൂരിനെ ക്ഷണിച്ചത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ പോലും തരൂരിന് കഴിവുണ്ട്. എന്നാൽ സഹപ്രവർത്തകർ അത് അനുവദിക്കില്ല".

ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് തരൂര്‍ പറഞ്ഞത് ശരിയാണോ എന്ന ചോദ്യത്തിന് താൻ അത് ആചാര്യനിൽ നിന്ന് (മന്നത്തു പത്മനാഭൻ) കേട്ടിട്ടുണ്ടെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. അതിൽ കുറച്ച് സത്യമുണ്ടെന്ന് താൻ കരുതുന്നുവെന്നും പറഞ്ഞു. കോൺഗ്രസിലെ നായന്മാര്‍ക്കിടയിലാണോ ആ പ്രവണത കൂടുതലെന്ന ചോദ്യത്തിന് കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നവരെ നോക്കിയാൽ അത് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്‍പ് വി.ഡി സതീശന്‍ വന്നുകണ്ടിരുന്നോ എന്ന ചോദ്യത്തിന് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം രണ്ട് മണിക്കൂറോളം തന്നോടൊപ്പം ചെലവഴിച്ചിട്ടുണ്ടെന്ന് ജി സുകുമാരന്‍ നായര്‍ മറുപടി നല്‍കി. പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് കേരളത്തിൽ പ്രതിപക്ഷമുണ്ടോ എന്നായിരുന്നു സുകുമാരന്‍ നായരുടെ മറുചോദ്യം. അപ്പോൾ രമേശ് ചെന്നിത്തലയാണ് നല്ലതെന്ന് തോന്നുന്നുണ്ടോ എന്ന ചോദിച്ചപ്പോള്‍ രണ്ടു പേരും ഒരേ തൂവൽ പക്ഷികളാണെന്നും കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

നായർ - ഈഴവ ഐക്യം ഇനി സാധ്യമല്ലെന്ന് എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ആ അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് സംവരണം നിലനിൽക്കുന്നിടത്തോളം ഹിന്ദു ഐക്യം സാധ്യമല്ലെന്ന് സുകുമാരന്‍ നായര്‍  മറുപടി പറഞ്ഞു. സംവരണത്തിന്റെ ഗുണം സമ്പന്നർക്ക് മാത്രമാണ് ലഭിക്കുന്നത്. ഓഡി കാറുകളിൽ യാത്ര ചെയ്യുന്ന പലരും ഇപ്പോഴും റിസർവേഷൻ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നു. അതിനെ ന്യായീകരിക്കാനാകുമോയെന്ന് സുകുമാരന്‍ നായര്‍ ചോദിച്ചു. സംവരണത്തിന്റെ കാര്യത്തിൽ മാത്രമാണ് ഇവിടെ ജാതി ഉയർന്നുവരുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഈ എല്‍.ഡി.എഫ് സര്‍ക്കാരില്‍ നല്ല കാര്യങ്ങളൊന്നും കാണുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു- "മന്നം ജയന്തി അവധി ആക്കണമെന്നത് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ മന്നം വിമോചന സമരത്തിന് നേതൃത്വം നൽകിയത് കൊണ്ടുമാത്രം സർക്കാർ ഞങ്ങളുടെ അഭ്യർത്ഥന മാനിച്ചില്ല. ശ്രീനാരായണഗുരുവിന്റെ ജന്മദിനവും ചരമവാർഷികവും ഒരുപോലെ അവധിയായിരിക്കുന്ന സമയത്താണിത്. ഞാൻ അതിന് എതിരാണെന്ന് ദയവായി കരുതരുത്. ഗുരു അതിന് തികച്ചും അർഹനാണ്. എന്നാൽ മന്നവും സമാനമായ ബഹുമാനം അർഹിക്കുന്നില്ലേ?"

സമദൂര സിദ്ധാന്തം പറയുന്നുണ്ടെങ്കിലും കോൺഗ്രസ് പക്ഷപാതം പ്രകടമാണല്ലോ എന്ന ചോദ്യത്തിന് ആർക്കും വലിയ പ്രയോജനമില്ലെങ്കിലും കോൺഗ്രസിന് സംസ്‌കാരവും നല്ല പെരുമാറ്റവുമുണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഇത് പറയുന്നതുകൊണ്ട് തന്നെ കോൺഗ്രസുകാരനെന്ന് വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News