30 വർഷം മാനത്ത്; ഒടുവിൽ റോഡിലിറങ്ങിയപ്പോൾ പാലത്തിൽ കുടുങ്ങി വിമാനം; തടിച്ചുകൂടി ജനം
ദേശീയപാതയിൽ കൊല്ലം ചവറ പാലത്തിലാണ് വിമാനം കുടുങ്ങിയത്.
കൊല്ലത്ത് കാലപ്പഴക്കം ചെന്ന വിമാനം റോഡ് മാർഗം കൊണ്ടുപോയപ്പോൾ പാലത്തിൽ കുടുങ്ങി. ഹൈദരാബാദിലെ ഒരു ഹോട്ടൽ വ്യവസായി വാങ്ങിയ പഴയ എയർ ഇന്ത്യ വിമാനമാണ് ദേശീയപാതയിൽ കൊല്ലം ചവറ പാലത്തിൽ കുടുങ്ങിയത്.
30 വർഷം മാനത്തുകൂടി ഒരു കുഴപ്പവും ഇല്ലാതെ പറന്ന എയർ ഇന്ത്യ, എയർ ബസ് എ-20 വിമാനമാണ് കുടുങ്ങിയത്. 2018ൽ സർവീസ് നിർത്തലാക്കിയ വിമാനം തിരുവനന്തപുരത്ത് ഹാങ്ങർ യൂണിറ്റിൽ വിശ്രമത്തിലായിരുന്നു. ഹൈദരാബാദിലെ വ്യവസായി 75 ലക്ഷം രൂപയ്ക്കാണ് വിമാനം ലേലത്തിൽ വാങ്ങിയത്.
വിമാന ഭാഗങ്ങൾ റോഡ് മാർഗം കൊണ്ടുപോവുന്നതിനിടെയാണ് പലവിധ ഗുലുമാലുകളുണ്ടായത്. വലിയ ട്രെയ്‌ലർ വാഹനത്തിൽ കൊണ്ടുപോയ വിമാനത്തിന്റെ പ്രധാന ഭാഗം ഉച്ചയോടെ ചവറ പാലത്തിൽ കുടുങ്ങുകയായിരുന്നു. മുന്നോട്ടും പിന്നോട്ടും പോകാനാവാതെ കുടുങ്ങിയ വാഹനം രൂക്ഷമായ ഗതാഗത കുരുക്കാണ് ഉണ്ടാക്കിയത്.
എന്നാൽ, സംഗതി കണ്ടവർക്കെല്ലാം വിമാനം തൊട്ടുമുന്നിലെത്തിയതിന്റെ കൗതുകവും വൻ സന്തോഷവും. കാഴ്ച കാണാൻ ആളുകൾ തടിച്ചുകൂടിയതോടെ തിരക്ക് ഇരട്ടിയായി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷം ട്രെയ്‌ലർ ചക്രത്തിന്റെ കാറ്റ് കളഞ്ഞശേഷമാണ് വിമാന ഭാഗം പുറത്തെത്തിച്ചത്.
പൊലീസും നാട്ടുകാരും ഏറെ പണിപ്പെട്ട ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തിരുവനന്തപുരം ബാലരാമപുരത്തു വച്ച് ഇതേ വാഹനം കടന്നുപോയപ്പോൾ വിമാനത്തിന്റെ ചിറക് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഗതാഗത കുരുക്ക് സ്ഥിരം ഉണ്ടാവുന്ന ചവറ പാലത്തിൽ വലിയ വാഹനങ്ങൾ കടത്തിവിടാൻ അനുമതി നൽകിയ പഞ്ചായത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നിട്ടുള്ളത്.